കാട്ടാക്കട: വനത്തിലെ ഈറ്റകൊണ്ട് ജീവിതം കെട്ടിപ്പൊക്കുന്ന നിരവധി ഈറ്റത്തൊഴിലാളികളാണ് ഗ്രാമീണ മേഖലയിൽ ജീവിക്കുന്നത് ഇവരുടെ ജീവിതവും എതാണ്ട് ലോക്ക് ഡൗണിന് തുല്യമായിരിക്കുകയാണ്. ഇവർ നെയ്തെടുത്ത പല ഉത്പന്നങ്ങളും വിറ്റഴിക്കാൻ കഴിയാത്ത ആവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് വർഷത്തലേറെയായി ഈറ്റത്തൊഴിലാളികളുടെ പനമ്പിന്റെ വിലവർദ്ധനവിന് മിനിമം വേജസ് ബോർഡ് ഉത്തരവിട്ടെങ്കിലും ഇതേവരെ ബാംബൂ കോർപ്പറേഷൻ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. ഇതുകാരണം തൊഴിലാളികൾക്ക് തുശ്ചമായ തുകയാണ് വേതനമായി ലഭിക്കുന്നത്. പരമ്പരാഗത ഈറ്റ തഴ, ചൂരൽ കാട്ടുവള്ളി തൊഴിലാളികൾ സമീപത്തെ വന പ്രദേശങ്ങളിൽ നിന്നും പാസ് മുഖേനയാണ് അസംസ്കൃത വസ്തുക്കൾ നേരിട്ട് ശേഖരിച്ചിരുന്നത്. എന്നാലിപ്പോൾ വനമേഖലയിൽ കടക്കാൻ അധികൃതർ ഇവർക്ക് പ്രവേശനാനുമതി നിഷേധിക്കുകയും വന വിഭവങ്ങൾ വെട്ടുന്നതിന് നിരോധന മേർപ്പെടുത്തുകയും ചെയ്തു. മുൻപ് സ്വന്തമായി ഈറ്റ വെട്ടി സമീപത്തെ മാർക്കറ്റുകളിലും വീടുകളിലും എത്തിച്ചാണ് ഇത്തരക്കാർ ഉപജീവനം നടത്തിയിരുന്നത്. ഇപ്പോൾ ബാംബു കോർപ്പറേഷൻ വഴിയാണ് ഈറ്റത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഈറ്റ എത്തിക്കുന്നത്. എന്നാൽ ബാംബുവിന്റെ അപര്യാപ്തതയും യന്ത്രവത്കൃത നെയ്ത്തും തുടങ്ങിയതോടെ പരമ്പരാഗത തൊഴിലാളികൾക്ക് തിരിച്ചടിയാവുകയും ചെയ്തു. ബാംബുന്റെ വരവ് നിന്നതോടെ യന്ത്രവത്കൃത നെയ്ത്ത് ശാലകളിലും ഇപ്പോൾ പ്രവർത്തിക്കാറില്ല. വരുമാനം നിലച്ചതോടെ കുട്ടികളുടെ പഠനവും ആശുപത്രി ചെലവുകളും വീട്ടുചെലവുകളും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയും ഇവർക്കുണ്ട്. തൊഴിലാളികൾ പല നിവേദനങ്ങളും നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
ബാംബു കോർപ്പറേഷൻ നൽകുന്ന ഒരു കെട്ട് ബാംബുവിൽ നിന്നും 4 പനമ്പ് നിർമ്മിക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഒരു കെട്ട് ഈറ്റയിൽ 15 ഈറ്റ വരെ ലഭിക്കും. ഇതിന് 45 രൂപയാണ് ബാംബുകോർപ്പറേഷൻ ഈടാക്കുന്നത്. ഇതിൽനിന്നും നിർമ്മിക്കുന്ന പനമ്പ് മാത്രമാണ് കോർപ്പറേഷൻ തിരിച്ചെടുക്കുന്നത്. ബാക്കിവരുന്ന ബാംബുവിന്റെ ചീളുകൾ കൊണ്ടാണ് കുട്ട, വട്ടി, മുറം എന്നിവ നിർമ്മിക്കുന്നത്. ഇത് കോർപ്പറേഷ എടുക്കാത്തതിനാൽ മാർക്കറ്റുകലിൽ എത്തിച്ച് വില്പന നടത്തുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ 8 മാസത്തോളമായി ഇവർക്ക് കോർപ്പറേഷൻ ബാംബു എത്തിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. മാത്രവുമല്ല, ലോക്ക് ഡൗൺ വന്ന് മാർക്കറ്റുകൾ നിലച്ചതോടെ നിലവിൽ നെയ്ത് വച്ചിരിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.