hasan

തിരുവനന്തപുരം: പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസിനായി കേന്ദ്രസർക്കാരിൽ ഗവർണർ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ അകലം പാലിച്ച ധർണയിൽ അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പങ്കാളികളായി.

പ്രവാസികളോടുള്ള കടമ നിറവേറ്റുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിൻകര സനൽ ഗവർണർക്ക് നിവേദനം സമർപ്പിച്ചു.

സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ച് പൊതുവികാരം പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്ന് വീഡിയോ കോൺഫറൻസ് വഴി എ.കെ. ആന്റണി പറഞ്ഞു.

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ശശി തരൂർ, എം.കെ. മുനീർ എന്നിവരും വീഡിയോ കോൺഫറൻസിലൂടെ അഭിവാദ്യം ചെയ്തു. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, തമ്പാനൂർ രവി, സി.പി. ജോൺ എന്നിവർ സമരപ്പന്തലിലെത്തി.