siva
ഫോട്ടോ: ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന കൃഷ്ണ കുമാറിന്റെ വീട്ടിൽ എത്തിയ സ്വാമി വിശാലാനന്ദ നിത്യോപയോഗസാധനങ്ങളുടെ കിറ്റ് കൈമാറുന്നു.

ശിവഗിരി: കിടപ്പുരോഗികളായ നിർദ്ധന കുടുംബത്തിലെ അച്ഛനും മകനും ചികിത്സയ്ക്ക് ആവശ്യമായ ധനസഹായം ശിവഗിരി മഠം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി വഴി നൽകുമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു. മിഷൻ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന അയിരൂർ കിഴക്കേപ്പുറം കല്ലുവിളവീട്ടിൽ കൃഷ്ണകുമാറിനും തളർവാതം പിടിപ്പെട്ട് കഴിയുന്ന മകനുമാണ് ചികിത്സാ സഹായം നൽകുന്നത്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ കൂലിപ്പണി ചെയ്താണ് കൃഷ്ണകുമാർ പുലർത്തിയിരുന്നത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയതിനെ തുടർന്നാണ് ചികിത്സാ സഹായം നൽകാൻ തീരുമാനിച്ചത്. മഠം പ്രതിനിധിയായി സ്വാമി വിശാലാനന്ദ കൃഷ്ണകുമാറിന്റെ വീട്ടിലെത്തി നിത്യോപയോഗ സാധനങ്ങളും നൽകി.