ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ താമസിക്കുന്ന ഇതരസംസ്ഥാന കുടുംബങ്ങൾക്ക് പച്ചക്കറിയും പലവെഞ്ജനവും അരിയും ലഭ്യമാക്കി ആറ്റിങ്ങൽ നഗരസഭ. സർക്കാരിന്റെ നിർദ്ദേശപ്രകാരം ലേബർ ഓഫീസറും തഹൽസിൽദാറും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയ തൊഴിലാളി കുടുംബങ്ങൾക്കാണ് സേവനം ലഭിക്കുക. ഒരാൾക്ക് ഒരു ദിവസം 60 രൂപയെന്ന നിരക്കിലാണ് തുക അനുവദിക്കുന്നത്. തൊഴിലാളികൾ ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനായി ഒരാൾക്ക് 7 ദിവസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾക്കുള്ള ടോക്കൺ നൽകി കരാറടിസ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള കടകളിൽ നിന്ന് സാധനം കൈപ്പറ്റാൻ കഴിയുന്നതാണ് പദ്ധതി. കടയുടമയ്ക്ക് നഗരസഭ നേരിട്ട് ടോക്കണിൽ കാണിച്ചിട്ടുള്ള തുക നൽകും. ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി മെഡിക്കൽ ക്യാമ്പുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.