cholam

നെടുമങ്ങാട്: മലനാടിന് അത്ര പരിചിതമല്ലാത്ത ചോളം വടക്കേല സുഭാഷിന്റെ മണ്ണിൽ തഴച്ച് വളരുകയാണ്. ഇപ്പോൾ ചോളത്തിന്റെ വിളവും സുഭാഷിന് സ്വന്തം. സുഭാഷും ഭാര്യ ജ്യോതിയും ലോക്ക് ഡൗൺ കാലം ചോളം കൃഷിക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു. ആനാട് "അമൃതം" കൃഷി ദൗത്യം പദ്ധതിയുമായി ബന്ധപ്പെടുത്തി നെട്ടറക്കോണം വാർഡിലെ എല്ലാ വീടുകളിലും ചോളം പ്രധാന കൃഷി വിളയാക്കുമെന്ന് വാർഡ് മെമ്പർ പ്രഭയും ചോറിന് പകരം ചോളം എന്ന സന്ദേശം ആനാട് പഞ്ചായത്ത് യാഥാർത്ഥ്യമാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും പറഞ്ഞു. വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം ചെറുക്കാൻ മില്ലറ്റ്സും ചോളവും വ്യാപകമായി കൃഷി ചെയ്യണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ.ടി.വി. രാജേന്ദ്രലാലും നെടുമങ്ങാട് ബ്ലോക്കിൽ ചോളം കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസും പറഞ്ഞു. കോയമ്പത്തൂരിൽ നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് വിത്താണ് സുഭാഷും ജ്യോതിയും കൃഷി ചെയ്തത്. നല്ല തണ്ട് പെരുത്ത് ഒന്നാം തരം പൊതികളാണ് ഉണ്ടായിരിക്കുന്നതെന്ന് കൃഷി ആഫീസർ എസ്. ജയകുമാർ പറഞ്ഞു. വളമായി നൽകിയതാകട്ടെ ചാണകം മാത്രം. പച്ചക്കറിക്ക് വേലിയായി ചോളം കൃഷി ചെയ്ത് കീടത്തെ ചെറുക്കാനുള്ള പദ്ധതിയാണ് കൃഷിഭവൻ ആവിഷ്കരിച്ചിട്ടുള്ളത്. ആനാട്ടെ മാതൃകാ കർഷകൻ പുഷ്ക്കരപിള്ളയും ചോളം കൃഷിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്.