covid

ഡൊഡോമ: കൊവിഡ് വൈറസിനെതിരെ പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകുന്നതിന് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കെതിരെ ലോകാരോഗ്യ സംഘടന. ആഫ്രിക്കയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ടാൻസാനിയയിൽ കഴി‌ഞ്ഞ ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

സാമൂഹ്യ അകലം പാലിക്കുക, കൂട്ടം ചേരലുകൾ ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ ടാൻസാനിയയിൽ ഫലപ്രദമാകുന്നില്ല. ആരാധനാലയങ്ങളിലും മറ്റും ജനങ്ങൾ ഒത്തുകൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ടാൻസാനിയയുടെ പ്രസിഡന്റ് ജോൺ മഗുഫുലിയ്ക്കെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. മാർച്ച് 16നാണ് ടാൻസാനിയയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.

ഇതേ വരെ 299 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 10 പേർ മരിച്ചു. രോഗവ്യാപനം തടയാൻ മുപ്പത് ദിവസത്തേക്ക് സ്കൂളുകളും യൂണിവേഴ്സിറ്റികളും അടയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. അതേസമയം, ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ദാർ എസ് സലാം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. 52 ആഫ്രിക്കൻ രാജ്യങ്ങളിലായി ഇതേവരെ 29,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,332 പേരാണ് ഇതേവരെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.