1

പോത്തൻകോട്: നന്നാട്ടുകാവിലെ പഞ്ചരത്ന സഹോദരിമാരുടെ വിവാഹം മാറ്റിവച്ചു. ഗുരുവായൂരിൽ ഇന്ന് രാവിലെ 10.30 നായിരുന്നു മുഹൂർത്തം. ലോക്ക് ഡൗൺ കാരണം കുവൈറ്റിലും മസ്കറ്റിലും കുടുങ്ങിയ വരൻമാർക്ക് നാട്ടിലെത്താൻ കഴിയാതായതോടെയാണ് വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. മാത്രമല്ല വിവാഹങ്ങൾ ഗുരുവായൂർ ക്ഷേത്രനടയിൽ തന്നെ നടത്തണമെന്ന് അമ്മ രമാദേവിയുടെയും പഞ്ചരത്നത്തിലെ ഏക ആൺതരി ഉത്രജന്റെയും ആഗ്രഹവും ഇതിന് പിന്നിലുണ്ട്. മസ്കറ്റിൽ ജോലിയുള്ള ആയൂർ സ്വദേശി അജിത്ത് - ഫാഷൻ ഡിസൈനറായ ഉത്ര, കുവൈറ്റിൽ അനസ്തേഷ്യ ടെക്നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ്-കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തേഷ്യ ടെക്നീഷ്യയായ ഉത്രജ, കോഴിക്കോട് സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ മഹേഷ്- മാദ്ധ്യമ പ്രവർത്തകയായ ഉത്തര, മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് - തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യയായ ഉത്തമ ഇവർ തമ്മിലുള്ള വിവാഹങ്ങളാണ് മാറ്റിവച്ചത്. 1995 നവംമ്പർ 18 ന് ഉത്രം നാളിലാണ് പോത്തൻകോട് കൊഞ്ചിറ, വഴയ്ക്കാട് പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായി പഞ്ചരത്നങ്ങൾ ജനിച്ചത്. ഒറ്റ പ്രസവത്തിലെ അഞ്ച് കുഞ്ഞുങ്ങളുടെ ജനനവും അതിന് ശേഷമുണ്ടായ സാമ്പത്തിക ബാദ്ധ്യതകളും കാരണം ഉണ്ടായ പ്രേംകുമാറിന്റെ ആകസ്മിക മരണവും തുടർന്നങ്ങോട്ട് പഞ്ചരത്നങ്ങളുടെ ഓരോ വളർച്ചയും മലയാളികൾക്ക് വാർത്തയായിരുന്നു. ആതുരസേവന രംഗത്തുള്ള ഉത്രജ ഒഴികെ മറ്റെല്ലാവരും നന്നാട്ടുകാവിലെ പഞ്ചരത്നം എന്ന വീട്ടിലുണ്ട്. ലോക്ക് ഡൗൺ അവസാനിച്ചശേഷം ജൂലായ് മാസത്തിൽ സാദ്ധ്യമായ ദിവസം നോക്കി വിവാഹങ്ങൾ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് രമാദേവിയും മരുമക്കളുടെ മാതാപിതാക്കളും.