umbrella

വെമ്പായം: പതിമൂന്ന് വർഷം മുൻപ് വിധി ലോക്കാക്കാൻ നോക്കിയെങ്കിലും വിധിയെ പഴിച്ചു കാലം കഴിക്കാതെ ജീവിതത്തിന് തണലേകാൻ കുട നിർമ്മാണവുമായി ഇറങ്ങിയ ശ്രീജിത്ത് ലോക്ക് ഡൗണിലും തിരക്കിലാണ്. 2007ഏപ്രിലിലാണ് ജോലിക്കിടെ വെഞ്ഞാറമൂട് പ്ലാവോട്ട് പുത്തൻ വീട്ടിൽ ശ്രീജിത്തിന് അപകടം പറ്റുന്നത്. ശ്രീജിത്ത് അതുവരെ തിരക്കുള്ള എ.സി മെക്കാനിക്കായിരുന്നു. ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനേറ്റ അതിഗുരുതരമായ പരിക്കാണ് അരയ്ക്ക് താഴോട്ട് തളർത്തിയത്.

തളർന്ന ശരീരത്തിൽ വിധിയോട് പോരാടാൻ ഉറച്ച ഒരു മനസുണ്ടായിരുന്നു. സ്വന്തം ചികിത്സയ്ക്കുള്ള സാമ്പത്തികമെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കുട നിർമാണത്തിലേക്ക് തിരിഞ്ഞത്. അതിന് പ്രചോദനമായത് ഇതേ അവസ്ഥയിലൂടെ കടന്നു പോയി വിധിയെ തോൽപ്പിച്ച പോത്തൻകോട് സ്വദേശി സുരേന്ദ്രന്റെ ജീവിത കഥ ആയിരുന്നു. സുരേന്ദ്രന്റെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ "ശ്രീസ് "എന്ന പേരിൽ സംരംഭം ആരംഭിച്ചു. സോഷ്യൽ മീഡിയ, പത്രമാദ്ധ്യമ, വിദ്യാർത്ഥി കൂട്ടായ്മകളിലൂടെ പ്രചാരണം നല്കിയാണ് കുടകൾ വിറ്റഴിച്ചു വന്നത്. സഹോദരൻ ശ്രീകണ്ഠനാണ് കുടയ്ക്ക് വേണ്ടുന്ന നിർമ്മാണ വസ്തുക്കൾ വാങ്ങിക്കൊണ്ട് വരുന്നതും വിപണനം ചെയ്യുന്നതും. മറ്റു സഹോദരങ്ങളായ ശ്രീകുമാറും മണികണ്ഠനും അമ്മ രാധമ്മയും സഹായത്തിനുണ്ട്. കുട്ടികൾക്കുള്ള കുടകൾ, കാലൻ കുടകൾ, നാനോ കുടകൾ അങ്ങനെ ഏതിനം കുടകളും ബ്രാൻഡഡ് കുടകളെക്കാൾ ഗുണനിലവാരത്തിൽ ശ്രീജിത്ത് ചെയ്തു കൊടുക്കുന്നു. ഒപ്പം പ്രകൃതിക്ക് ഇണങ്ങിയ പേപ്പർ വിത്ത് പേനകളും നിർമ്മിക്കുന്നുണ്ട്. മഴക്കാലത്തും, സ്കൂൾ തുറക്കുന്ന സമയത്തുമാണ് കുടയ്ക്ക് ആവശ്യക്കാർ ഉള്ളത്. ലോക്ക് ഡൗൺ കാലത്ത് കുടകൾ നിർമ്മിച്ച് കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കൊവിഡും ലോക്ക് ഡൗണും ശ്രീജിത്തിന്റ കുടക്കച്ചവടം എന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഈ അവസ്ഥ ഉടൻ മാറും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ ചെറുപ്പക്കാരൻ.