കല്ലമ്പലം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് മന്ത്രി എ.കെ. ബാലൻ ധനസഹായമായി രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമാണ് ആറ്റിങ്ങൽ കരവാരം വല്ലത്തുകോണം എസ്.സി കോളനിയിലെ ഷാബുരാജിന്റെ വീട്ടിലെത്തി ഭാര്യ ചന്ദ്രികയ്‌ക്ക് നൽകിയത്. എം.എൽ.എ ബി. സത്യനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഷാബുരാജിന്റെ ഏഴാം ക്ളാസിൽ പഠിക്കുന്ന മകന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നൽകി തുടർപഠനത്തിന് സൗകര്യമൊരുക്കുമെന്നും നാലാം ക്ളാസിൽ പഠിക്കുന്ന മകൾക്ക് കിളിമാനൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ സൗകര്യം നൽകണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഷാബുരാജിന്റെ ഭാര്യയ്ക്ക് ചികിത്സയ്ക്കായി 50,000 രൂപ ധനസഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജധാനി ഗ്രൂപ്പ് 50,000 രൂപ ഷാബുരാജിന്റെ കുടുംബത്തിന് നൽകി. വീടിന്റെ പണി പൂർത്തിയാക്കാനുള്ള ധനസഹായം നൽകുമെന്ന് ഷാബുരാജ് പങ്കെടുത്ത കോമഡി പ്രോഗ്രാമിലെ സഹപ്രവർത്തകരും അറിയിച്ചിട്ടുണ്ട്. ഷാജുവിന്റെ വീട്ടിലേക്കുള്ള വഴി എം.എൽ.എ ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു.