padma

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഭക്തജനവരവ് നിലച്ചതോടെ, ലക്ഷം കോടിയുടെ നിധിശേഖരമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ശമ്പളത്തിനും നിത്യനിദാനത്തിനും പണമില്ലാതാകുമോ എന്ന് അധികൃതർക്ക് ആശങ്ക. ലോക്ക് ഡൗൺ വരുന്നതിനുമുമ്പ് മാർച്ച് 21 മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരുന്നു. ശമ്പളത്തിനും പൂജകളുൾപ്പെടെയുള്ള നിത്യനിദാന ചെലവുകൾക്കുമായി ഒരുമാസം ഒന്നരക്കോടിയോളം രൂപയാണ് വേണ്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർക്ക് മാത്രം മാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിനുവേണം. 150 സ്ഥിരം ജീവനക്കാരും അമ്പതോളം താത്കാലിക ജീവനക്കാരുമുണ്ട്.സാധാരണ നിലയിൽ മൂന്ന് ലക്ഷം രൂപ ഭക്തരിൽ നിന്ന് സംഭാവനയായും വഴിപാട് പൂജ ഇനങ്ങളിലുമായി ക്ഷേത്രത്തിന് പ്രതിദിന വരുമാനമുണ്ടായിരുന്നു. സംസ്ഥാനത്തിനകത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയിരുന്നത്. സർക്കാരിൽ നിന്ന് പ്രതിവർഷം 20 ലക്ഷം രൂപ ഗ്രാന്റായും ലഭിക്കാറുണ്ട്. വരുമാനം നിലച്ചതോടെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ശമ്പളവും മറ്റ് ചെലവുകളും നടത്തുന്നത്.

ലോക്ക് ഡൗൺ കഴിഞ്ഞാലും അയൽസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ തനിച്ചോ സകുടുംബമായോ ഉടൻ ദർശനത്തിനെത്താൻ സാദ്ധ്യത വിരളമാണ്. ഭക്തരുടെ സാന്നിദ്ധ്യമില്ലാതെ ചെയ്യാവുന്ന വഴിപാടുകളും മറ്റും ഓൺലൈനിൽ ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഉദയാസ്തമയപൂജ, പൊന്നും ശീവേലി തുടങ്ങിയ വഴിപാടുകളും പൂജകളുമെല്ലാം ബുക്ക് ചെയ്തവരുടെ സാന്നിദ്ധ്യത്തിലേ നടത്താൻ കഴിയൂ.

 നിയന്ത്രണം തുടർന്നാൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും

കൊവിഡ് നിയന്ത്രണം തുടർന്നാൽ അടുത്തമാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിലുൾപ്പെടെ നിയന്ത്രണം വേണ്ടിവരും .

- വി. രതീശൻ, എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം.