gh

ശിവഗിരി: വിദ്വേഷമില്ലാതാക്കുന്ന വിദ്യയുടെ ഉറവിടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. പത്തനം തിട്ടയിൽ സ്കൂൾ വിദ്യാർത്ഥിയെ രണ്ടു വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെയല്ലാതെ ആർക്കും ഓർക്കാനാവില്ല. വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് ഇത്രയും ക്രൂരമായി പെരുമാറാൻ കഴിയുന്നത്. അതിനൊരു കാരണം വിദ്യയുടെ അഭ്യാസത്തിൽ വന്നുചേർന്നിട്ടുളള ചില ദുഷിച്ച രീതികളാണ്. ഇന്ന് കുട്ടികളെ ഗുണദോഷത്തിന്റെ ഭാഗമായി അദ്ധ്യാപകർക്ക് വഴക്കുപറയുവാനോ ശിക്ഷിക്കുവാനോ കഴിയുകയില്ല. പണ്ട് വിദ്യയുടെ ഭാഗമായിരുന്നു ശിക്ഷ. അതെല്ലാം കുട്ടികളെ നന്മയിലേക്ക് നയിച്ചിരുന്നു. ശിക്ഷയും ശിക്ഷണവും വിദ്യയുടെ ഭാഗമായി കാണാൻ കഴിയുന്ന ഒരു വീക്ഷണം നമുക്കെല്ലാം ഉണ്ടാകണം.

ആചാര്യനും ശിഷ്യന്മാരും ഒന്നിച്ചു കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേത്. അന്നത്തെ ഗുരുകുല വിദ്യാഭ്യാസം ശാന്തിമന്ത്രത്തോടു കൂടിയാണ് ആരംഭിച്ചിരുന്നത്. മാ വിദ്വിഷാവഹൈ, നാം തമ്മിൽ പരസ്പരം വിദ്വേഷിക്കാതിരിക്കട്ടെ എന്നതാണ് ആ മന്ത്രസാരം. അതായത് വിദ്യയുടെ തുടക്കം തന്നെ വിദ്വേഷമില്ലായ്മയിൽ നിന്നായിരിക്കണം. ഇതാണ് ഭാരതത്തിലെ ആചാര്യ പരമ്പര നമുക്ക് പകർന്നു തന്നിട്ടുളള സംസ്‌കാരമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.