local-body-election

തിരുവനന്തപുരം : നിലവിലെ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം സാദ്ധ്യമല്ലാത്തതിനാൽ രണ്ട് മാസം മുൻപ് കൊണ്ടുവന്ന നിയമ ഭേദഗതി മറികടക്കാൻ സർക്കാർ ഓർഡിനൻസിറക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ച തിരക്കിട്ട നടപടികൾ നിയമവകുപ്പിൽ പുരോഗമിക്കുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒാരോ വാർഡ് വീതം കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്,​ മുനിസിപ്പാലിറ്രി നിയമങ്ങളിൽ ഭേദഗതി വരുത്തുകയായിരുന്നു.

വാർഡ് വിഭജനവുമായി മുന്നോട്ട് പോയാൽ കൃത്യമസമയത്ത് (ഒക്ടോബറിൽ) തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിനെ അറിയിച്ചിരുന്നു. കൊവിഡ് ശമിക്കാത്ത സാഹചര്യവുമുണ്ട്. തുടർന്ന് നിയമ വകുപ്പുമായി ബന്ധപ്പെട്ട ശേഷമാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോട സംസ്ഥാന ഇലക്‌‌ഷൻ കമ്മിഷന്റെ പ്രവർത്തനം നിശ്ചലമായി. വാർഡ് അതിർത്തി പുനർ നിർണയം ആരംഭിക്കാൻ കഴിഞ്ഞില്ല. വോട്ടർപട്ടിക പുതുക്കലും തടസപ്പെട്ടു. അതിർത്തി പുനർനിർണയത്തിന് നേതൃത്വം നൽകേണ്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം നൽകാൻ പോലുമായില്ല.

ലോക്ക് ഡൗണിന് ശേഷം നടപടികൾ പുനരാരംഭിച്ചാലും പൂർത്തിയാക്കാൻ അഞ്ചു മാസമെങ്കിലും വേണ്ടിവരും. അങ്ങനെയെങ്കിൽ ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നവംബർ 12ന് പുതിയ ഭരണസമിതി വന്നില്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം വരും. ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാനാണ് സർക്കാർ ശ്രമം.

കോലാഹലമുണ്ടാക്കിയ

നിയമ ഭേദഗതി

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് വാർഡ് വിഭജനം സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അതിനു മുൻപ് മറ നീക്കിയിരുന്നു. ജനുവരി 26ന് വാർഡ് വിഭജനത്തിനായുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയച്ചു. പക്ഷേ ഒപ്പുവയ്ക്കാൻ ഗവർണർ തയ്യാറായില്ല. തുടർന്നാണ് ഫെബ്രുവരിയിൽ നിയമസഭ ബിൽ പാസാക്കി ഗവർണർക്കയച്ചത്. ആ നിയമ ഭേദഗതിയാണ് അസാധുവാകുന്നത്.