തിരുവനന്തപുരം: തരിശുഭൂമിയിലും നഗരത്തിലെ വീടുകളിലുമായി കൃഷി നടത്താൻ ന്യൂട്രി ഫോറേജ് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സംഘടനകളുടെ കൂട്ടായ്‌മ‌. നഗരസഭ, സ്വസ്‌തി ഫൗണ്ടേഷൻ, ചേംബർ ഒഫ് കൊമേഴ്സ്, ഐ.എം.എ, അസോസിയേഷൻ ഒഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരള, അഗ്രികൾച്ചർ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ബി ഹബ്, നർമ്മദ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ കൂട്ടായ്‌മയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് പദ്ധതിയുടെ ചെയർമാനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കുറവൻകോണത്തുള്ള ഒരേക്കർ ഭൂമിയിലും വെള്ളായണിയിലെ അഞ്ചേക്കർ തരിശുഭൂമിയിലും കൃഷിയിറക്കാനാണ് പദ്ധതി. വീടുകളിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ അടുക്കളത്തോട്ടങ്ങളും ഒരുക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷിരീതികളിലൂടെ പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകിയുള്ള കാർഷിക സംസ്‌കാരം സൃഷ്ടിക്കുക, വിഷരഹിതമായ പച്ചക്കറികളും പാൽ, മുട്ട, മാംസം എന്നിവ ഉത്പ്പാദിപ്പിക്കുകയുമാണ് ന്യൂട്രിഫോറേജ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.