fa

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ഭരണകൂടം കൊവിഡിനെ മാത്രമല്ല ഭയക്കുന്നത്. ഒപ്പം ലോക്ക് ഡൗൺ ചതിക്കുമോ എന്ന പേടിയും. സംഭവം മറ്റൊന്നുമല്ല, എല്ലാവരും വീട്ടിൽ തന്നെ കഴിയുമ്പോൾ അത് ജനസംഖ്യാ വർദ്ധനവിന് ഇടയാക്കുമോ എന്നാണ് ഭരണകൂടത്തിന്റെ പേടി. ഇതോടെ അതിനെ തടയാനും ഭരണകൂടം ഊർജിത ശ്രമം തുടങ്ങി. എല്ലാ വീടുകളിലും ഗർഭ നിരോധന ഉറകൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തകൊണ്ടിരിക്കുകയാണ്.

സ്ത്രീകൾക്ക് ഗർഭ നിരോധന ഗുളികകളും പുരുഷന്മാർക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്. ആശാവർക്കർമാരടക്കം സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ചാണ് വിതരണം ചെയ്യുന്നത്. 30,000 ഗർഭ നിരോധ ഉറകൾ വിതരണം ചെയ്തു കഴിഞ്ഞു. കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും സർക്കാരിന്റെ കുടുംബാസൂത്രണ നയത്തെപ്പറ്റിയും ആശാവർക്കർമാർ ബോധവത്കരണം നടത്തുന്നുണ്ട്. കൊവിഡ് സാഹചര്യം മാത്രം കണക്കിലെടുത്തല്ല സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. കിറ്റിൽ അത്ഭുതകരമായ ഇതുംകൂടി കണ്ടതോടെ ഭാര്യയും ഭർത്താവും പരസ്പരം നോക്കി ചിരിക്കുന്ന രീതിയിലേക്ക് ലോക്ക് ഡൗൺ കാലം നീളുകയാണ്. ബല്ലിയ ജില്ലാ ഭരണകൂടത്തിന്റെ ഒരവസ്ഥ നോക്കണേ, ഭക്ഷണകിറ്റ് നൽകണം, കുടിവെള്ളം നൽകണം, മരുന്ന് നൽകണം അതു പാേരാഞ്ഞ് ഇതും.