തിരുവനന്തപുരം: വെയർ ഹൗസുകൾ വഴി ചില്ലറ മദ്യവില്പന നടത്തില്ലെന്ന് എക്സൈസ് മന്ത്രി ടി. പി.രാമകൃഷ്ണൻ വ്യക്തമാക്കി.
വെയർ ഹൗസുകളിൽ മദ്യവിൽപനയ്ക്ക് അനുമതി നൽകികൊണ്ട് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പത്രലേഖകരോട് പറഞ്ഞത്.
ഇപ്പോഴോ, പിന്നീടോ വെയർഹൗസിൽ നിന്ന് മദ്യത്തിന്റെ ചില്ലറ വിൽപന നടത്തില്ല. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഭേദഗതി വരുത്തിയത്. ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യ വിൽപനശാലകൾ അടയ്ക്കേണ്ടി വന്നു. അമിത മദ്യാസക്തിയുള്ള ചിലർ ആത്മഹത്യ ചെയ്തു. തുടർന്നാണ് വെയർഹൗസുകളിൽ നിന്ന് അടിയന്തര ഘട്ടത്തിൽ മദ്യം നൽകാൻ തീരുമാനിച്ചത്.ഇതിനായി ചട്ടത്തിൽ ഭേദഗതി വരുത്തണമായിരുന്നു. അതിന്റെ ഭാഗമായാണ് നടപടികൾ നീങ്ങിയത്. അതിനിടെ ഹൈക്കോടതിയുടെ സ്റ്റേയും കേന്ദ്ര സർക്കാരിന്റെ വിലക്കും വന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.