തിരുവനന്തപുരം: പൂന്താനമായി വേഷമിട്ട് ഭക്തിയിൽ ലയിച്ചുചേർന്ന് അഭിനയിക്കുകയാണ് രവി വള്ളത്തോൾ. സംവിധായകൻ വയലാർ മാധവൻകുട്ടി 'കട്ട്' പറഞ്ഞു. അന്നത്തോടെ 'നന്ദഗോപാലൻ' എന്ന ആൽബത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുകയാണ്. സീൻ അവസാനിച്ചതും രവി വള്ളത്തോളിന്റെ മുഖത്തേക്ക് സങ്കടം ഇരച്ചു കയറി. അടുത്ത് ചെന്ന മാധവൻകുട്ടിയോടു പറഞ്ഞു.''മോനെ, ഇനി അഭിനയിക്കാൻ കഴിയില്ല, ഭഗവാന്റെ കാര്യം പറഞ്ഞ് നീ വിളിച്ചതുകൊണ്ടുവന്നു. ഇനി ഞാൻ മടങ്ങട്ടെ !'' അന്ന് നാഗർകോവിലിലെ ലൊക്കേഷനിൽ നിന്നു നടക്കാൻ പോലും വിഷമിച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു രവി വള്ളത്തോൾ. പിന്നെ വെള്ളിവെളിച്ചത്തിനു മുന്നിലെത്തിയില്ല.
ഓർമ്മകളിൽ നിന്നുപോലും അദ്ദേഹം തിരികെ നടന്നു.
സന്താനഭാഗ്യമില്ലാത്തതിനാൽ പൂന്താനത്തിനെ പോലെ ഏറെ വിഷമിച്ചിരുന്ന രവി വള്ളത്തോൾ മാനസിക വെല്ലുവിളി നടത്തുന്ന കുട്ടികളുടെ ക്ഷേമത്തിനായി ഭാര്യ ഗീതാ ലക്ഷ്മിയുമായി ചേർന്ന് 'തണൽ' എന്നൊരു സ്ഥാപനം നടത്തിയിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളെ പോലെ അവസാന കാലത്ത് മുഖത്ത് എപ്പോഴും ഒരു വിഷാദ ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. 12 വർഷം മുമ്പ് ഭാര്യയുമായി ഉത്തരേന്ത്യയിലേക്ക് ഒരു തീർത്ഥയാത്ര നടത്തിയ അദ്ദേഹം ഗയയിൽ മക്കളില്ലാത്തവർ ജീവിച്ചിരിക്കെ തന്നെ ചെയ്യുന്ന ശ്രാദ്ധ ചടങ്ങും നടത്തിയിരുന്നു.
മറ്ര് അഭിനേതാക്കൾക്ക് അവകാശപ്പെടാൻ കഴിയാത്ത സാഹിത്യ പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റേത്. നാടക ലോകത്തെ കുലപതികളിൽ ഒരാളായ ടി.എൻ.ഗോപിനാഥൻ നായരുടെ മകൻ, മഹാകവി വള്ളത്തോളിന്റെ അനന്തിരവൻ, സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണ പിള്ളയുടെയും മഹാകവി കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ചെറുമകൻ...പക്ഷേ, ഒരിടത്തും ഇടിച്ചുകയറാതെ മാറി നിൽക്കുന്ന പ്രകൃതം. മനസിൽ നന്മമാത്രം. മറ്റുള്ളവർക്കു വേണ്ടി സംസാരിക്കും.
സാഹിത്യവും അഭിനയവും ജന്മവാസനകളായിരുന്നു. 1976ൽ തിരുമധുരം എന്ന ചിത്രത്തിനു വേണ്ടി 'താഴ്‌വരയിൽ മഞ്ഞു പെയ്തു...' എന്ന ഗാനം എഴുതുമ്പോൾ പ്രായം 23. 1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'രേവതിക്കൊരു പാവക്കുട്ടി'യുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. 25 ചെറുകഥകളെഴുതി. നിരവധി ഗാനങ്ങളും. അഭിനയിച്ച കഥാപാത്രങ്ങളേറെയും പാവത്താന്മാരുടേതായിരുന്നു.