തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ചു നൽകി സർക്കാർ ആഭിമുഖ്യത്തിൽ നടത്തി വന്ന വൻകൊള്ള വെളിച്ചത്ത് കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിവരം താൻ പുറത്തു കൊണ്ടു വന്നിരുന്നില്ലെങ്കിൽ കോടികളുടെ കൊള്ള നിർബാധം നടക്കുമായിരുന്നു. വിവരം പുറത്തായപ്പോൾ പച്ചക്കള്ളമെന്നും നുണയും കുരുട്ടു ബുദ്ധിയുമെന്നൊക്കെ പറഞ്ഞു തള്ളിയ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലായി വരാൻ സമയമെടുക്കുമെന്ന് അപഹസിക്കുകയും ചെയ്തു. പക്ഷേ ഹൈക്കോടതി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുകയും കൊള്ള തടയാൻ നടപടിയെടുക്കുകയും ചെയ്തു. സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധി. എന്നിട്ടും തങ്ങൾക്കാണ് വിജയമെന്ന മട്ടിൽ പ്രതികരിച്ച മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുകയാണ്.
ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാനുള്ളവയാണ്. ഈ ഉത്തരവ് സർക്കാരിന് അനുകൂലമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം. കേരളത്തിൽ കൊവിഡ് വ്യാപനം തടയാൻ സ്പ്രിൻക്ലർ കാരണമാണെന്ന സി.പി.എമ്മിന്റെ പ്രചാരണം ജനങ്ങളെ അപഹസിക്കലാണ്. ദശാബ്ദങ്ങളിലൂടെ സംസ്ഥാനം ആരോഗ്യരംഗത്ത് നേടിയെടുത്ത കരുത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച സംസ്ഥാന ജനങ്ങളുടെ ത്യാഗമനോഭാവത്തിന്റെയും ഫലമായാണ് കൊവിഡ് വ്യാപനം പിടിച്ചു നിറുത്താനായത്.
ഡേറ്റാവിശകലനത്തിന് രാജ്യത്തും സംസ്ഥാനത്തും സൗകര്യമുണ്ടെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും അമേരിക്കൻ കമ്പനിയെ ആശ്രയിക്കാതെ ഇവിടെ അത് ചെയ്യാനുള്ള വിവേകം സർക്കാർ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.