തിരുവനന്തപുരം: പല സംസ്ഥാനങ്ങളിലും മാദ്ധ്യമ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ കേരളത്തിൽ അത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പരിശോധനയടക്കം ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പി.ആർ.ഡി ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ നൽകാനുള്ള പരസ്യക്കുടിശ്ശികയിൽ നല്ലൊരു ഭാഗം നൽകാൻ നിർദ്ദേശം നൽകി. രോഗ ഭീഷണിക്കിടയിലും ആരോഗ്യ പ്രവർത്തകരോട് തോളോടു തോൾ ചേർന്ന് വാർത്ത ശേഖരിക്കുന്ന പ്രാദേശിക മാദ്ധ്യമപ്രവർത്തകരെ തടയരുതെന്ന് പൊലീസിനോട് നിർദ്ദേശിച്ചു.
ലോക്ക് ഡൗൺ പ്രതിസന്ധി മാദ്ധ്യമമേഖലയെ ഗുരുതരമായി ബാധിച്ചു. പത്രങ്ങൾ പലതും പേജുകൾ കുറച്ചു. പൊതുപരിപാടികളും വാണിജ്യവുമൊന്നും നടക്കാത്തതിനാൽ പരസ്യം ലഭിക്കുന്നില്ല. അതിന്റെ പ്രയാസം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് മാദ്ധ്യമപ്രവർത്തകരാണ്. ഈ സാഹചര്യത്തിൽ മാദ്ധ്യമസ്ഥാപനങ്ങൾ പിരിച്ചുവിടലിനും ശമ്പള നിഷേധത്തിനും തയാറാകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തമിഴ്നാട് ഇന്ന് മുതൽ ചൊവ്വാഴ്ച വരെ 60 മണിക്കൂർ ലോക്ക് ഡൗൺ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ പൊലീസ് പരിശോധന ശക്തമാക്കും. ഈ ദിവസങ്ങളിൽ തമിഴ്നാട്ടിലേക്കോ തിരിച്ചോ വാഹനം അനുവദിക്കില്ല.