തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അംഗൻവാടികൾ വഴി കുഞ്ഞുങ്ങൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്സിന്റെ ഉത്പാദനത്തിൽ മുടക്കം വരുത്താതെ കുടുംബശ്രീ. സംസ്ഥാനത്തൊട്ടാകെയുള്ള 241 യൂണിറ്റുകൾ വഴി 33,115 അംഗൻവാടികളിലേക്ക് അമൃതം ന്യൂട്രിമിക്സ് ഉത്പാദിപ്പിച്ചു നൽകുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 24 വരെ 1,583 മെട്രിക് ടൺ ന്യൂട്രിമിക്സാണ് ഇവർ ഉത്പാദിപ്പിച്ചത്. 1600 ഓളം വനിതകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ന്യൂട്രിമിക്സ് കുടുംബശ്രീ ജില്ലാമിഷൻ പ്രതിനിധികൾ അംഗൻവാടികളിലെത്തിക്കും. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പോഷക മിശ്രിതം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വസ്തുക്കൾ ലഭിക്കാതായെങ്കിലും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, സപ്ലൈകോ, കൺസ്യൂമർ ഫെഡ് എന്നിവയുടെ സഹകരണത്തോടെ ഇവ ലഭ്യമാക്കി.