ravi-vallathol-

തിരുവനന്തപുരം: സിനിമാ,സീരിയൽ താരവും എഴുത്തുകാരനുമായ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. പ്രമേഹവും ഓർമ്മക്കുറവും മൂലം ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.15ന് വഴുതക്കാട് ടി.എൻ.ഗോപിനാഥൻ നായർ റോഡിലെ 'ത്രയംബക'യിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ പൗത്രനും നാടകാചാര്യൻ ടി.എൻ.ഗോപിനാഥൻ നായരുടെ മകനുമാണ്. കുറ്റിപ്പുറത്ത് കേശവൻനായരുടെ മകളും മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവളുമായ സൗദാമിനിയാണ് അമ്മ.

നൂറോളം ടി.വി സീരിയലുകളിൽ വേഷമിട്ടു. 45 ഓളം സിനിമകളിൽ അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ ദ ഡോൾഫിൻസ് എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. 25 ഓളം ചെറുകഥകളുടെ രചയിതാവാണ്. കേരള സംഗീതനാടക അക്കാദമി അവാർഡ്, സീരിയൽ നടനുള്ള സംസ്ഥാന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗീതാലക്ഷ്‌മി. മക്കളില്ലാത്ത ഈ ദമ്പതികൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്. സഹോദരങ്ങൾ: നന്ദൻ വള്ളത്തോൾ, മീനാക്ഷി വള്ളത്തോൾ.