cap

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസും അഗ്നിരക്ഷാ വിഭാഗം മേധാവി എ.ഹേമചന്ദ്രനും മേയിൽ വിരമിക്കും.നിലവിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പാലക്കാട്ടെ മെ​റ്റൽ ഇൻഡസ്ട്രീസസ് മാനേജിംഗ് ഡയറക്ടറാണ് ജേക്കബ് തോമസ്.

അഡി.ഡി.ജി.പിമാരായ ആർ.ശ്രീലേഖ, ടോമിൻ തച്ചങ്കരി എന്നിവർ ഡി.ജി.പിമാരാവും. തച്ചങ്കരിയെക്കാൾ സീനിയറായ അരുൺകുമാർ സിൻഹ, എസ്.പി.ജി മേധാവിയായി കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാൽ സംസ്ഥാന സർവീസിലേക്ക് മടങ്ങിയെത്താനിടയില്ല.

അടുത്തവർഷം ജൂണിൽ ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോൾ തച്ചങ്കരി പൊലീസ് മേധാവിയാവാൻ സാദ്ധ്യതയുണ്ട്. പക്ഷേ, വിജിലൻസ് കേസുകൾ തീർപ്പാക്കിയാലേ തച്ചങ്കരിക്ക് കേന്ദ്ര ക്ലിയറൻസ് ലഭിക്കൂ.

തച്ചങ്കരിയെക്കാൾ സീനിയറായ ഋഷിരാജ് സിംഗ് അടുത്തവർഷം ജൂലായിലും ശങ്കർറെഡ്ഡി വരുന്ന ആഗസ്റ്റിലും ആർ.ശ്രീലേഖ ഡിസംബറിലും വിരമിക്കും. തച്ചങ്കരിക്കാവട്ടെ 2023 ജൂലായ് വരെ സർവീസുണ്ട്. ശങ്കർറെഡ്ഡി വിരമിക്കുമ്പോൾ സുധേഷ് കുമാറിനും ശ്രീലേഖ വിരമിക്കുമ്പോൾ ബി.സന്ധ്യയ്ക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കും.

ഇവർക്ക് പുറമേ പത്ത് ഐ.പി.എസുകാരും ഉടൻ വിരമിക്കും. വിജിലൻസ് എസ്.പി വി.എൻ ശശിധരൻ ഈ മാസം 30ന് വിരമിക്കും. എസ്.പിമാരായ എ.വിജയൻ, സാം ക്രിസ്​റ്റി ഡാനിയേൽ, കെ.ബി.വേണുഗോപാൽ, കെ.എം.ആന്റണി, ജെ.സുകുമാരപിള്ള, കെ.പി.വിജയകുമാരൻ, കെ.എസ്.വിമൽ, ജെയിംസ് ജോസഫ്, വി.എം.മുഹമ്മദ് റഫീഖ് എന്നിവർ അടുത്തമാസം വിരമിക്കും.