തിരുവനന്തപുരം:വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്ന ഹോമിയോ @ ഹോം പദ്ധതിക്ക് തുടക്കമായി. വഴുതക്കാട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ഗീവർഗീസ്, ഇഞ്ചയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.സ്റ്റാൻലി ജോൺസ് എന്നിവർക്ക് മരുന്നുകൾ കൈമാറി വി.എസ്.ശിവകുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷനുകൾ മുഖേനയാണ് പ്രതിരോധ മരുന്നുകൾ വീടുകളിലെത്തിക്കുന്നത്. മണ്ഡലത്തിലെ 270 ഓളം റസിഡന്റ്സ് അസോസിയേഷനുകൾക്ക് പ്രതിരോധ മരുന്നുകൾ എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു. കിഴക്കേകോട്ട പട്ടം താണുപിള്ള സ്മാരക സർക്കാർ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ടി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.നിഷ, ആർ.എം.ഒ. ഡോ.ബിന്ദു ജോൺ പുൽപ്പറമ്പിൽ, കൃഷ്ണൻ പോറ്റി, പാളയം ഉദയൻ, ഗോപാലകൃഷ്ണൻ നായർ, പി.കെ.എസ്.രാജൻ, ഭരത് തമ്പി,രജിത് ലാൽ, കണ്ണൻ, ഗോപകുമാർ, എം.ടി.ബി.എസ് സെക്രട്ടറി ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.