തിരുവനന്തപുരം:മാർ ഇവാനിയോസ് കോളേജിലെ എന്റെ അഞ്ചുവർഷത്തെ വിദ്യാഭ്യാസ ജീവിതം എനിക്ക് നൽകിയ അപൂർവ സുഹൃത് ബന്ധങ്ങളിൽ ഒന്നായിരുന്നു രവി വള്ളത്തോളിന്റേത്.
മാർ ഇവാനിയോസ് കോളേജിനെ കലാകേരളത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നതിൽ അടിത്തറപാകിയ വിഖ്യാതനായ കലാകാരനായിരുന്നു രവി.
അദ്ദേഹത്തിന്റെ കുടുംബവുമായും പിതാവായ പ്രശസ്ത നാടകകൃത്ത് ടി.എൻ. ഗോപിനാഥൻ നായർ സാറുമായും എനിക്ക് അടുത്ത ബന്ധമായിരുന്നു.
കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന ഞാനും എബി ജോർജും നീലനും എം.എസ്.രവിയും (കേരള കൗമുദി) മറ്റു സഹപ്രവർത്തകരും ചേർന്നു രൂപീകരിച്ചപ്പോൾ സംഘടനയുടെ എല്ലാ പരിപാടികളിലും കലാവിരുന്നിന് നേതൃത്വം നൽകിയത് രവി വള്ളത്തോളും ജഗതി ശ്രീകുമാറും ജഗദീഷും ജി.വേണുഗോപാലും ഇന്നത്തെ കലാ കേരളത്തിൽ അറിയപ്പെടുന്ന മറ്റു പൂർവവിദ്യാർത്ഥികളും ചേർന്നായിരുന്നു.
അദ്ദേഹത്തിന്റെ അച്ഛന്റെ ജന്മശതാബ്ദി ആഘോഷത്തിൽ അനുസ്മരണ പ്രഭാഷണം നടത്താൻ എന്നെ നന്ദകുമാർ ക്ഷണിച്ചപ്പോൾ രോഗബാധിതനായ രവിക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നും പുഞ്ചിരിയോടെ സ്‌നേഹം മാത്രം നൽകിയ ആത്മസുഹൃത്തിന്റെ സ്മരണയ്ക്ക് മുൻപിൽ എന്റെയും മാർ ഇവാനിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെയും ബാഷ്പാഞ്ജലി...