തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാനായി സർക്കാർ ഇറക്കിയ ഉത്തരവ് ചില അദ്ധ്യാപകർ കത്തിച്ചത് ഒരു ന്യൂനപക്ഷത്തിന്റെ ഏറ്റവും മോശമായ മനോഭാവത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാട് എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് ഈ അദ്ധ്യാപകർ മനസിലാക്കണം. എന്തിനാണിങ്ങനെ അപഹാസ്യരാകുന്നത് എന്നവർ സ്വയം ചിന്തിക്കണം. ആറ് ദിവസത്തെ ശമ്പളം കുറച്ചുള്ള തുക മാത്രമേ ഇപ്പോൾ നൽകാൻ സർക്കാരിനാവൂ. ജീവനക്കാരെയും അദ്ധ്യാപകരെയും കഴിയുന്നത്ര സഹായിക്കാനാണ് ആറ് ദിവസത്തെ മാത്രം ശമ്പളം പിടിക്കുന്നത്. ഉത്തരവ് കത്തിച്ചവർക്കെതിരെ നടപടിയിലേക്കൊന്നും പോകാനുദ്ദേശിക്കുന്നില്ല.
വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ജനത നമ്മോടൊപ്പമുണ്ടെന്ന് ഇത്തരക്കാർ ഓർക്കണം. കൊവിഡ്-19 പ്രതിരോധത്തിൽ ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് മറക്കരുത്.
ഉത്തരവ് കത്തിച്ച വാർത്ത കണ്ടപ്പോൾ ആദ്യം ഓർമ്മിച്ചത് തിരുവനന്തപുരത്തെ പ്ലാത്താങ്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശിനെയാണ്. ദുരിതാശ്വാസനിധിയിലേക്ക് വിദ്യാർത്ഥികളുടെ സംഭാവന സ്വീകരിക്കാനുള്ള പ്രോജക്ടുമായി കഴിഞ്ഞ ആഗസ്റ്റിലാണ് ആദർശ് എത്തിയത്. അഞ്ചാം ക്ലാസ് മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു. നാടിന്റെ ദുരിതത്തിൽ നമ്മുടെ കുട്ടികളുടെ കരുതൽ എത്ര വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യർത്ഥനയോടുള്ള അവരുടെ പ്രതികരണം. ആ കുട്ടികളുടെ പേരുവിവരം വാർത്താസമ്മേളനത്തിൽ പറയുന്നത് കുഞ്ഞുമനസുകളുടെ വലിപ്പം ലോകം അറിയണമെന്നതിനാലാണ്. വിഷുക്കൈനീട്ടവും കളിപ്പാട്ടം വാങ്ങാൻ കരുതിയ പണവുമാണ് കുട്ടികൾ നൽകുന്നത്. റംസാൻ ദാനധർമ്മാദികൾക്ക് നീക്കിവച്ച പങ്ക് നൽകുന്നവരുണ്ട്. പൊലീസ് ജീപ്പ് കൈകാട്ടി നിറുത്തി പെൻഷൻതുക ഏല്പിച്ച അമ്മയുണ്ട്. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റ് 5510 രൂപ നൽകി. കുരുമുളക് വിറ്റ് പണം നൽകിയവരുണ്ട്. സ്പെഷ്യൽ ഭക്ഷണം വേണ്ടെന്നുവച്ച് ആ തുക സന്തോഷപൂർവം സംഭാവന ചെയ്ത ത്വക്രോഗാശുപത്രിയിലെ അന്തേവാസികളുണ്ട്. ഇവരൊന്നും പ്രതിഫലം പ്രതീക്ഷിച്ചോ തിരിച്ചുകിട്ടുമെന്ന് കരുതിയോ അല്ല ഇതൊന്നും ചെയ്യുന്നത്. മനോഭാവത്തിന്റെ പ്രശ്നമാണ്. ഏത് പ്രയാസത്തിലും സഹജീവികളോട് കരുതൽ വേണമെന്ന മാനസികാവസ്ഥയാണ് ആബാലവൃദ്ധം ജനങ്ങളെയും നയിക്കുന്നത്.
സഹജീവികളോടുള്ള കരുതൽ വേണ്ടത്രയുള്ളവരാണ് ജീവനക്കാരും അദ്ധ്യാപകരും. കൊവിഡ് പ്രതിരോധത്തിൽ അവരുടെ പങ്ക് നിസ്തുലമാണ്. ഒരേ മനസോടെയാണ് ഉദ്യോഗസ്ഥസമൂഹം പ്രതിരോധപ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. പ്രതിസന്ധിയെപ്പറ്റി നല്ല ഗ്രാഹ്യമുള്ളതിനാലാണ് സർക്കാരിന്റെ ആഹ്വാനം വരും മുമ്പേ പലരും ശമ്പളം സംഭാവന ചെയ്യുമെന്ന് സ്വയം പ്രഖ്യാപിച്ചത്. 2018ലെ പ്രളയസമയത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ, പല ബുദ്ധിമുട്ടും ഉണ്ടെങ്കിലും തങ്ങൾ ദുരിതമനുഭവിക്കുന്ന ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചാണ് ആയിരങ്ങൾ അതേറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.