തിരുവനന്തപുരം: മേയ് രണ്ടാം വാരം മുതൽ നടത്താനിരുന്ന സർവകലാശാലാ പരീക്ഷകൾ യു.ജി.സി സമിതി ശുപാർശയെ തുടർന്ന് നീട്ടേണ്ടി വരും. രാജ്യത്താകെ പരീക്ഷകൾ ജൂലായിലേക്ക് മാറ്റാനാണ് സമിതി ശുപാർശ.
എം.ജി മേയ് 18 മുതലും കേരള മേയ് 15 മുതലും പരീക്ഷ നടത്താനിരുന്നതാണ്. രോഗവ്യാപനം കുറയുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്താൽ ജൂണിൽ പരീക്ഷ നടത്താൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
മേയിൽ പരീക്ഷ നടത്തി ജൂലായിൽ അടുത്ത അദ്ധ്യയനവർഷം ആരംഭിക്കാനാണ് ഡോ.ബി. ഇക്ബാൽ സമിതിയുടെ ശുപാർശ. എന്നാൽ അദ്ധ്യയനവർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്നാണ് യു.ജി.സി ശുപാർശ. നേരത്തേ പരീക്ഷ നടത്താനായാൽ സെപ്തംബറിനു മുൻപ് ക്ലാസ് തുടങ്ങാനും കേന്ദ്രാനുമതി തേടും. എന്നാൽ, രണ്ടു കാര്യങ്ങളിലും കേന്ദ്ര നിർദ്ദേശം അനുസരിക്കും.
എം.ജിയിൽ അവസാന സെമസ്റ്ററിൽ മൂന്ന് പേപ്പറുകൾ മാത്രമാണ് ബാക്കി. കേരളയിൽ പരീക്ഷ തുടങ്ങാനായിട്ടില്ല.
സംസ്ഥാന എൻട്രൻസും നീളും
ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് എന്നു നടത്താനാവുമെന്ന് ഉറപ്പില്ല
ഓൺലൈൻ എൻട്രൻസ് പ്രായോഗികമല്ല, സുരക്ഷാപ്രശ്‌നവുമുണ്ട്. അതിനാൽ സർക്കാർ ഇക്കാര്യം പരിഗണിക്കുന്നില്ല
ദുബായിലും മുംബയിലും എൻട്രൻസിന് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവിടത്തെ കൊവിഡ് വ്യാപനം വെല്ലുവിളി
എൻജിനിയറിംഗ് എൻട്രൻസിന് 89167പേരും ഫാർമസിക്ക് 63534 പേരും അപേക്ഷിച്ചു
വിവിധ പ്ലസ്ടു ബോർഡുകളിലെ കുട്ടികളുള്ളതിനാൽ എൻട്രൻസ് വേണ്ടെന്നു വയ്ക്കാനിടയില്ല