തിരുവനന്തപുരം: മാസ്‌കും തൊപ്പിയും ധരിച്ചെത്തിയയാൾ ഡോക്ടറുടെ കാർ കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് മോഷ്ടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ജനറൽ ആശുപത്രിക്ക് സമീപം നിറുത്തിയിട്ടിരുന്ന കാർ കുത്തിത്തുറന്നായിരുന്നു മോഷണം. മണക്കാട് സ്വദേശി ഡോ. ഷിബിൻഷാ റാവുത്തറുടെ പത്താംക്ലാസ് മുതൽ കർണാടക മെഡിക്കൽ ബോർഡ് നൽകിയ എം.ബി.ബി.എസ് വരെയുള്ള സർട്ടിഫിക്കറ്റുകളാണ് നഷ്ടമായത്. ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയതായിരുന്നു ഡോക്ടർ. കാർ പാർക്ക് ചെയ്‌ത് ഓഫീസിൽ പോയ സമയത്ത് മാസ്‌ക് ധരിച്ചെത്തിയ വ്യക്തി കാറിന്റെ ഇടതുവശത്തുള്ള ഡോർ കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകൾ മോഷ്ടിക്കുകയായിരുന്നു. ലാപ്ടോപ്പ് ബാഗ് പോലെ കാഴ്ചയിൽ തോന്നുന്ന ബാഗിലായിരുന്നു സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. മോഷണം നടത്തിയ ശേഷം പ്രതി പാറ്റൂർ ട്രാഫിക് സിഗ്നലിന് സമീപത്തെ പള്ളിയോട് ചേർന്ന ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കയറിപ്പോകുന്നതും ഉടൻ തിരിച്ചുപോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ഫോട്ടോ: മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ