തിരുവനന്തപുരം : ഈ മാസം 15 മുതൽ ആർ.സി.സിയിൽ എല്ലാ ശസ്ത്രക്രിയകളും പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ആർ.സി.സി.യിലെ കൊവിഡ് ലാബിന് ഐ.സി.എം.ആർ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് ലാബിലായിരിക്കും പരിശോധന.

കോഴിക്കോട് 84കാരന് രോഗമുക്തി

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ കൂത്തുപറമ്പ് മൂരിയാട് അബൂബക്കർ (84)രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൃക്കരോഗമുൾപ്പെടെ ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കേ മികച്ച ചികിത്സയിലൂടെ അബൂബക്കറെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി എല്ലാ ജിവനക്കാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.