pinarayi

തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ ഫലപ്രദമായ നടപടി കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തുന്ന വീഡിയോ കോൺഫറൻസിൽ പ്രതീക്ഷയുണ്ട്. അന്ന് ചില കാര്യങ്ങൾ നമുക്ക് പറയാനുമാകും. സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ വലിയ പ്രയാസത്തിലാണ്. ഗൾഫ് നാടുകളിലും മറ്റും പ്രവാസികൾക്ക് അവിടെ തുടരാനാവാത്ത സാഹചര്യം വരുമ്പോൾ പുനരധിവാസ പാക്കേജ് വേണ്ടിവരും. പൊതുവായ പാക്കേജിന് പുറമേ പ്രത്യേകം മേഖലകൾ തിരിച്ചും നടപ്പാക്കേണ്ടിവരും. അതിനെല്ലാം സഹായം കിട്ടണം.

പ്രവാസികളുടെ കാര്യത്തിൽ സംസ്ഥാനം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് ചീഫ്സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിൽ വിശദമായി പ്രതിപാദിച്ചു. സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനത്തെ കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. കേരളം പ്രവാസികളുടെ കാര്യത്തിലെടുത്ത മുന്നൊരുക്കങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് സുരക്ഷാ മുൻകരുതലില്ലാതെ ആര് വരാൻ ശ്രമിച്ചാലും തടയും.

ലോക്ക് ഡൗണിന്റെ കാര്യത്തിൽ ഗുരുതരമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേക്കുളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കുളിക്കാനിറങ്ങി. കൂട്ടത്തോടെ മീൻപിടിക്കാനിറങ്ങുന്നവരുണ്ട്. ഇത് തടയും.