തിരുവനന്തപുരം: നഗരസഭയിലെ അമ്പലത്തറ, കളിപ്പാൻകുളം വാർഡുകൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ ഓറഞ്ച് മേഖലയിൽ ലഭിക്കുന്ന ഇളവുകൾ പ്രാബല്യത്തിൽ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ കടകൾക്ക് പ്രവർത്തിക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പരുകളുള്ള വാഹനങ്ങൾക്കും റോഡിലിറങ്ങാം. ഞായറാഴ്ച പരമാവധി യാത്രകൾ ഒഴിവാക്കണം. വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ഷോപ്പിംഗ് മാളുകളോ, ബാർബർ ഷോപ്പുകളോ തുറക്കില്ല. സർക്കാർ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള കടകൾ മാത്രമാകും തുറക്കുക. റംസാൻ വ്രതം കണക്കിലെടുത്ത് ഹോട്ടലുകളിൽ രാത്രി പത്തുവരെ പാഴ്സൽ മാത്രം നൽകാൻ അനുവദിക്കും. ഇന്നലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിൽ തുറന്നുപ്രവർത്തിച്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പൊലീസ് അടപ്പിച്ചു. സമീപ വാർഡായ മണക്കാട്ടും ഇത്തരത്തിൽ കടകളടപ്പിച്ചിരുന്നു. പൊലീസിന്റെ നടപടിയിൽ വ്യാപാരികൾ പ്രതിഷേധിച്ചതിനെ തുടർന്ന് പിന്നീട് കടകൾ തുറന്നു.