പാറശാല: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കർശന നടപടികൾ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന തരത്തിലാവരുതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ.
കഴിഞ്ഞ ദിവസം അതിർത്തിയിലെ ഇഞ്ചിവിള കേരള ചെക്ക്പോസ്റ്റും കളിയിക്കാവിളയിലെ തമിഴ്നാട് ചെക്ക് പോസ്റ്റും സന്ദർശിച്ച കളക്ടർ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ്, ആരോഗ്യവിഭാഗം ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. തമിഴ്നാട്ടിൽ നിന്നും അടിയന്തര ചികിത്സയ്ക്കായെത്തിയ മലയാളിയായ രോഗിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് മരണപ്പെട്ട പശ്ചാത്തലത്തിലായിരുന്നു കളക്ടറുടെ സന്ദർശനം. ഇരു ചെക്ക്പോസ്റ്റുകളിലും പുതുതായി നിയമിച്ചിട്ടുള്ള ഡോക്ടർമാർ അടിയന്തര ചികിത്സ ആവശ്യമായ രോഗികളുടെ കാര്യത്തിൽ തീരുമാനമെടുത്ത് അക്കാര്യം പരസ്പരം കൈമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കളക്ടറുടെ സന്ദർശനം അറിഞ്ഞ് റൂറൽ എസ്.പി.അശോകൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി.അനിൽകുമാർ, പാറശാല ഗവ.ആശുപത്രി സൂപ്രണ്ട് ഉണ്ണികൃഷ്ണൻ, നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ ശിവകുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.