തിരുവനന്തപുരം: റേഷൻ കടകളിൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനെത്തിയ പ്രവർത്തകരെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി തുമ്പ പൊലീസ് സ്റ്റേഷന് മുന്നിൽ സി.പി.ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വി.എസ്.എസ്.സിയുടെ കണ്ടയ്‌നർ ലോറിയിൽ ആറ്റിപ്ര സോണലിൽ വിതരണത്തിനെത്തിച്ച 2000 കിറ്റുകളാണ് തുമ്പ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സാധനങ്ങൾ വാഹനത്തിൽ എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ്റിപ്ര എൽ.സി സെക്രട്ടറി അജയകുമാർ, മുൻ കൗൺസിലർ ആറ്റിപ്ര ആശോകൻ എന്നിവരടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തത്. സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് സർക്കരിന്റെ ഇളവ് ഉണ്ടെന്നും പ്രവർത്തകർ ചൂണ്ടിക്കാണിച്ചെങ്കിലും കേസെടുക്കുമെന്ന നിലപാടില്ലായിരുന്നു പൊലീസ്. പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കേസെടുക്കാതെ പ്രവർത്തകരെയും വാഹനവും വിട്ടുനൽകി.