പാറശാല: വ്യാജവാറ്റുകാരുടെ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് സഹോദരങ്ങൾക്ക് കുത്തേറ്റു. ജ്യേഷ്ഠൻ മരിച്ചു. മുര്യങ്കര വെട്ടുവിള പുത്തൻ വീട്ടിൽ മണി (52) ആണ് മരിച്ചത്. മണിയുടെ അനുജൻ മുര്യങ്കര വെട്ടുവിള പുത്തൻ വീട്ടിൽ ബിനു (ചിപ്പയ്യൻ) വിനെ പാറശാല ഗവ.ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുരണ്ടുപേരെ പാറശാല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അയൽവാസിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ സെർലിംഗ് എന്ന് അറിയപ്പെടുന്ന സനു ആണ് ഇരുവരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കച്ചവടവും വ്യാജ വാറ്റും നടത്തി വന്ന മൂവരും അയൽവാസികളാണ്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. മണിയുടെ മൃതദേഹം പാറശാല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.