pravasi

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് പോകൻ അനുവദിക്കൂ.

സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും. ഇവരെയാകും ആദ്യമെത്തിക്കുക എന്നാണ് കരുതുന്നത്. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.

അതേസമയം പ്രവാസികളെ കൊണ്ടുവരാനുള്ള നപടികൾ കേരളം ആരംഭിച്ചിട്ടുണ്ട്. നോർക്കവഴിയുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കും. ഇതിന് തിരക്കുകൂട്ടേണ്ടെന്നാണ് അധികൃതർ പറയുന്നത്.സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കായിരിക്കും മുൻഗണന എന്നാണ് റിപ്പോർട്ട്.