covid-19

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കുറിനിടെ 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 24 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരോ മണിക്കൂറിലും ഒരാൾ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. 323 ആണ് ആകെ മരണസംഖ്യ.


സംസ്ഥാനത്തെ രോഗികളുടെ എണ്ണം 7628 ആയി. മുംബയിൽ മാത്രം രോഗികളുടെ എണ്ണം അയ്യായിരം കടന്നു. മുംബയ് കഴിഞ്ഞാൽ പൂനെയിലാണ് രോഗബാധ കൂടുതൽ . ഇവിടെ മരണസംഖ്യ 73 ആയി. മുംബയിൽ കൊവിഡ് മൂലം 57 വയസുകാരനായ ഹെഡ് കോൺസ്റ്റബിൾ മരിച്ചു. 96 പൊലീസുകാർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഭാട്ടിയ ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 241 ആയി. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ മുംബയിലും പുനെയിലും മേയ് മൂന്നിന് ശേഷവും ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം.ഇൗ കാലയളവിൽ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.