santhosh-kumaarine-aambul

കല്ലമ്പലം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ജില്ലയിലേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബംഗളൂരുവിൽ സ്ഥിര താമസക്കാരനായ പേട്ട പാൽക്കുളങ്ങര ലക്ഷ്മി നിവാസിൽ സന്തോഷ് കുമാർ (55) ആണ് വീട്ടിലേക്ക് നടന്ന് വരവേ ദേശീയപാതയിൽ കടമ്പാട്ടുകോണം ചെക്ക് പോയിന്റിൽ പൊലീസിന്റെ പിടിയിലായത്. പാലക്കാട്ട് ക്വാറന്റൈയിനിൽ പോകാമെന്ന വ്യവസ്ഥയിൽ കർണാടക അതിർത്തി കടന്ന ഇയാൾ പാലക്കാട് ചെക്ക് പോയിന്റിൽ ആ വിവരം മറച്ചുവച്ച് സംസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ചരക്ക് ലോറികളിലും മറ്റ് വാഹനങ്ങളിലും കാൽനടയായും വിവിധ ജില്ലകൾ പിന്നിട്ട് കടമ്പാട്ടുകോണത്ത് എത്തിയ ഇയാളെ കല്ലമ്പലം സി.ഐ. ഐ. ഫറോസിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിറുത്തി ചോദ്യം ചെയ്തപ്പോൾ പാലക്കാട്ട് ക്വാറന്റെെയിനിൽ ആകാമെന്ന് വ്യവസ്ഥയുള്ള പാസ് കണ്ടെടുത്തു. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയ ഇയാളെ ആംബുലൻസിൽ മാർഇവാനിയോസ് കോളേജിലെ ക്യാമ്പിലെത്തിച്ച് ക്വാറൈന്റയിനിലാക്കി. ഇയാളുടെ പേരിൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. അറസ്റ്റിന് സബ് ഇൻസ്പെക്ടർ നിജാം. വി, സനൽ എന്നിവർ നേതൃത്വം നൽകി.