rape

മുംബയ്: കാനഡ സ്വദേശിയായ യുവതിയെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച മലയാളി യുവാവിനെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. മുംബയ് പൊവായിയിലെ ഒരു ഹോട്ടലിലാണ് സംഭവം. 28 വയസുകാരിയായ കാനഡ സ്വദേശിനിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.. എസ്. വർഗീസ് എന്നയാളാണ് അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: കാനഡയിൽ ടാറ്റൂ ആർട്ടിസ്റ്റായ യുവതി ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് യുവാവുമായി പരിചയത്തിലായത്. കാലിഫോർണിയയിലാണ് താമസമെന്നാണ് യുവതിയോട് യുവാവ് പറഞ്ഞിരുന്നത്. ഹോങ്കോംഗിൽ വച്ച് ഇരുവരും നേരിട്ട് കണ്ടു. യു.എസിലെ തന്റെ വീട്ടിൽ തീപിടിത്തമുണ്ടായെന്നും പണവും മറ്റ് ബാങ്ക് കാർഡുകളും നശിച്ചുപോയെന്നും യുവതിയെ യുവാവ് പറഞ്ഞു ധരിപ്പിച്ചു. അങ്ങനെ യുവാവ് യുവതിയിൽനിന്ന് വൻ തുക കൈക്കലാക്കി. പല രാജ്യങ്ങളിലും ഇരുവരും ഒരുമിച്ചു യാത്രചെയ്യുകയും താമസിക്കുകയും ചെയ്തു. ഇതെല്ലം യുവതിയുടെ പണത്തിലായിരുന്നു.

2019 ആഗസ്റ്റിലാണ് യുവതിയേയും കൊണ്ട് യുവാവ് മുംബയിലെത്തുന്നത്. വാടകയ്‌ക്കെടുത്ത ഫ്ളാറ്റിലായിരുന്നു താമസം. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ യുവതി നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ വർഗീസ് അനുവദിച്ചില്ല. ഇരുവരും തമ്മിൽ വാക്കുതർക്കമായി. യുവാവ് യുവതിയെ മർദ്ദിച്ചു. പിന്നീട് ഒരു ദിവസം ഇയാളുടെ കണ്ണുവെട്ടിച്ച് യുവതി കാനഡയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ വേറെയും സ്ത്രീകളുമായി വർഗീസിന് അടുപ്പമുണ്ടെന്ന് മനസിലാക്കിയ യുവതി ഇയാളുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ച് പണം തിരികെ ആവശ്യപ്പെട്ടു.

എന്നാൽ സംഭവിച്ചതിനെല്ലാം മാപ്പ് പറഞ്ഞ് ഇനിയൊരിക്കലും വേദനിപ്പിക്കില്ലെന്നും, ഇന്ത്യയിലേക്ക് വരണമെന്നും എപ്പോൾ വേണമെങ്കിലും തിരികെപോകാമെന്നും യുവാവ് വാക്ക് നൽകി. ഇത് വിശ്വസിച്ച് കഴിഞ്ഞ ജനുവരി 27 ന് യുവതി വീണ്ടും മുംബയിലെത്തി. യുവതി എത്തിയതോടെ യുവാവിൻെറ സ്വഭാവം മാറി. യുവതിയെ നിരന്തരം മർദ്ദിച്ചു. പണം ബലമായി പിടിച്ചുവാങ്ങി. പണം തീർന്നപ്പോൾ യുവതിയെക്കൊണ്ട് കൂട്ടുകാരിൽ നിന്നും പണം വാങ്ങിപ്പിച്ചു. ആഭരണങ്ങളും മൊബൈൽ ഫോണും കൈക്കലാക്കി. ഇതിനിടയിൽ യുവതി മൊബൈൽ ഫോൺ തപ്പിയെടുത്തു. തുടർന്ന് കാനഡയിലുള്ള ഒരു സുഹൃത്തിനെ വിളിച്ചറിയിച്ചു. ഇവർ യുവതിയുടെ മാതാവിനെ അറിയിച്ചു. ഇവരാണ് മുംബയ് പൊലീസിന് പരാതി നൽകിയത്.