lock-down-

ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ഡൽഹിയിൽ ലോക്ക്ഡൗൺ മേയി പതുകിവരെ നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഡൽഹി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിർദ്ദേശം അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചത്. നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നത് രോഗബാധിതരുടെ എണ്ണം പെരുകുന്നതിന് ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.

കൊവിഡിന്റെ പ്രഭവേകേന്ദ്രമെന്ന് കരുതുന്ന ചൈനയുടെ അനുഭവത്തെ മുൻനിറുത്തിയാണ് ലോക്ക്ഡൗൺ നീട്ടാൽ ശുപാർശ ചെയ്തത്. ചൈനയിൽ രോഗബാധ ആരംഭിച്ച് 10 ആഴ്ചകൾക്ക് ശേഷമാണ് ഗ്രാഫ് താഴേയ്ക്കു വന്നുതുടങ്ങുന്നത്. ഇതനുസരിച്ച് ഡൽഹിയിൽ മേയ് പകുതിയോടെമാത്രമേ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അടുത്തമാസം 16 വരെ ലോക്ക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് സമിതി തലവൻ പറയുന്നത്.


അതേസമയം ഡൽഹിയിൽ രോഗികളുടെ എണ്ണം കൂടുകയാണ്.നിലവിൽ രോഗികൾ 2,625 ആണ്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.അർദ്ധസൈനിക വിഭാഗക്കാർക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതലായി രോഗം റിപ്പോർട്ടുചെയ്യുകയാണ്. നഴ്സുമാർക്ക് രോഗംസ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഒരു ആശുപത്രി കൂടി അടച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാനായി കർശന നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.