തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയാണ് കോവിഡ് 19 വ്യാപനം തടയാൻ സഹായിക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ആരോഗ്യവിദഗ്ദ്ധർ ഇന്ത്യയിലെയും കാനഡ, യു.എസ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിലെയും ആരോഗ്യവിദഗ്‌ദ്ധരുമായി നടത്തിയ കോവിഡ് രാജ്യാന്തര പാനൽ ചർച്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരുപോലെ ഊന്നൽ നൽകുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സർക്കാർ ജീവനക്കാർക്കു പുറമെ സാമൂഹ്യ സന്നദ്ധ സേനയും രംഗത്തുണ്ട്.
ആരോഗ്യപ്രവർത്തകരും പൊലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നത് കോവിഡ് വ്യാപനം തടയുന്നതിൽ കേരളത്തെ സഹായിച്ചിട്ടുണ്ട്.