k-muraleedharan

കോഴിക്കോട്: ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ രാജി ആവശ്യപ്പെട്ട് കെ.മുരളീധരൻ എം.പി രംഗത്തെത്തി. രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാൻ ശേഷി ഇല്ലെങ്കിൽ ഐ.ടി വകുപ്പ് സെക്രട്ടറി ഇത്രയും കാലം ചെയ്തത് എന്താണ്? ഇതിലും നാണക്കേടാണ് പറ്റിയ തെറ്റ് വിശദീകരിക്കാൻ അദ്ദേഹം പാർട്ടി ഓഫീസുകളിൽ കയറി ഇറങ്ങുന്ന അവസ്ഥ. കാര്യങ്ങൾ കൂടുതൽ വഷളാവും മുൻപ് ഐ.ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു.


സ്പ്രിൻക്ളറിൽ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ ശൂർപ്പണഖയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് സ്‌പ്രിൻക്ളർ കമ്പനി. വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സമർപ്പിച്ചിരിക്കുന്ന ഹർജി വിചിത്രമാണ്. ഇതിനൊക്കെ പിറകിൽ പല കളികളും നടന്നിട്ടുണ്ട്. ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് സ്പ്രിൻക്ളർ നാടകം അരങ്ങേറുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കുകയാണ് സർക്കാർ. എന്നിട്ട് പുറത്ത് നിന്ന് വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിക്കാൻ കാശ് കൊടുക്കുന്നു - മുരളീധരൻ പറഞ്ഞു.