നാടിനൊരു ആപത്തുവന്നാൽ കൈ മെയ് മറന്നു പ്രവർത്തിക്കുന്ന ഒരു സംഘം കോഴിക്കോട്ടുണ്ട് ; കാലിക്കട്ട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. ഈ കൂട്ടായ്‌മയ്ക്കൊപ്പം ഉരുക്കിന്റെ പാരമ്പര്യമുള്ള കൈരളി ടി.എം.ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തും മുന്നിലുണ്ട്. ബിസിനസുകാരും ഡോക്ടർമാരും കലാകാരന്മാരുമൊക്കെയുള്ള കോഴിക്കോട് ഡിസാറ്റർ ടീം രൂപീകരിച്ചത് ആദ്യ പ്രളയകാലത്താണ്.
രണ്ടാം പ്രളയത്തിലും നിപ്പ വന്നപ്പോഴുമൊക്കെ ഒറ്റക്കെട്ടായി പ്രവർത്തിച്ച ടീം ഇപ്പോൾ കൊവിഡ് കാലത്തും കാഴ്ചവയ്ക്കുന്നത് മാതൃകാപരായ പ്രവർത്തനം.
പ്രസിഡന്റും സെക്രട്ടറിയുമില്ല, അംഗങ്ങളെല്ലാവരും ടീമിന്റെ നാഥന്മാരാണെന്ന് ഹുമയൂൺ പറയുന്നു. മറ്റൊരു അംഗം സംവിധായകൻ രഞ്ജിത്താണ്. ടീമിനു വേണ്ടി സഹായം എത്തിക്കുന്നവരിൽ പലരെയും മലയാളനാട് നന്നായി അറിയുന്നവരാണ്. സൂപ്പർ താരം മോഹൻലാൽ, ദുൽക്കർ സൽമാൻ, ജോജു ജോർജ്... അങ്ങനെ പലരും. ഇപ്പോൾ ടീമിന്റെ വകയായി ദിവസവും 1200 പേർക്ക് ഭക്ഷണം എത്തിക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ബിസിനസും ഫാക്ടറിയുമൊക്കെ നിന്നുപോയപ്പോൾ സന്നദ്ധസേവനവുമായി ഹുമയൂണും രംഗത്തിറങ്ങി. ടീമിന്റെ വകയായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലെത്തി, പാചകത്തിനും പായ്ക്കിംഗിനും ഭക്ഷണപ്പൊതികൾ എത്തിക്കുന്നതിനുമൊക്കെ കൂടും.
മതമോ രാഷ്ട്രീയമോ നോക്കി പ്രവർത്തിക്കുന്ന കൂട്ടായ്മ അല്ല ഇത്. പ്രളയകാലത്തും നിപ്പ വന്നപ്പോഴും ചെയ്തതുപോലെ ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയുമൊക്കെ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം. ''ഞങ്ങൾ അമ്പതോളം പേരുണ്ട്. ഗുണഭോക്താക്കളെ പഞ്ചായത്തും പൊലീസും വിവിധ സംഘടനകളുമാണ് കണ്ടെത്തുന്നത്. സമൂഹ മാദ്ധ്യമങ്ങൾവഴി രണ്ട് ഫോൺ നമ്പരുകൾ നൽകിയിട്ടുണ്ട്. സംഘടനകൾ നിർദ്ദേശിക്കുന്ന ആളുകൾ അർഹരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സഹായം എത്തിക്കുന്നത് '' ഹുമയൂൺ പറയുന്നു.
കുട്ടികൾക്കൊപ്പം കളി
ഭാര്യയ്ക്കൊപ്പം പാചകം
ലോക്ക് ഡൗൺ ആയതോടെ കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഹുമയൂണും ഭാര്യ യാസ്മിൻ മേത്തറും. ഫാഷൻ ഡിസൈനറായ യാസ്മിൻ, വേൾഡ് ഒഫ് എച്ച്.വൈയുടെ സി.ഇ.ഒയാണ്.
ഹുമയൂൺ രാവിലെ അഞ്ചരയ്ക്ക് വീട്ടിലെ ജിമ്മിലെത്തും. ഏഴര വരെ വ്യായാമം. പിന്നെ അടുക്കളയിൽ ഭാര്യയെ സഹായിക്കൽ. വീട്ടിലെല്ലാവരും ഇപ്പോൾ റംസാൻ നൊയമ്പിലാണ്.
നേരത്തെയാണെങ്കിൽ ഭക്ഷണം കഴിച്ച് കുട്ടികളുമായി കളിക്കാനിരിക്കും. ചെസ്, കാരംസ്, ലൂഡോ... രണ്ടു കുട്ടികൾ മൈഷാ, മിർഷ. മൂത്തവൾക്ക് 12, ഇളയവൾക്ക് ആറു വയസ്. രണ്ടു പേരും ഇപ്പോൾ ഹാപ്പിയാണ്. ഇതിനിടയിൽ ഓഫീസ് കാര്യങ്ങൾക്കായി കുറച്ചു സമയം മാറ്റി വയ്ക്കും. സൂം മീറ്റിംഗ് വഴി പ്ളാനിംഗ്. ജീവനക്കാരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കും. വീട് വൃത്തിയാക്കാനും സമയം കണ്ടെത്തും.
കേരളം ആദ്യം
തിരിച്ചു വരും
ബിസിനസിന് ലോക്ക് ഡൗൺ തിരിച്ചടിയായെന്ന് ഹുമയൂണും സമ്മതിക്കുന്നു. എന്നാൽ, ഈ ആപത്തുകാലത്തെ അതിജീവിച്ച് ആദ്യം തിരിച്ചുവരുന്നത് കേരളമായിരിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പാലക്കാട് കഞ്ചിക്കോട്ടും തമിഴ്നാട്ടിലുമാണ് കൈരളി ടി.എം.ടിയുടെ ഉത്പാദന കേന്ദ്രങ്ങളുള്ളത് '' വരവില്ലാതെ ചെലവ് ഒരു ബാദ്ധ്യത തന്നെയാണ്. കെട്ടിക്കിടക്കുന്ന സ്റ്റോക്കിന്റെ ഫ്രഷ്‌നസ് നഷ്ടപ്പെട്ടാൽ വിപണിയിലിറക്കാൻ കഴിയില്ല. ശരിയാണ്. എന്നാൽ എന്റെ മനസുപറയുന്നു, എല്ലാരംഗത്തും കേരളം തിരിച്ചുവരും. അതാണ് കേരളത്തിന്റെ മനസ്. നിർമ്മാണരംഗവും ഉണരും.'' ഹുമയൂൺ ആത്മവിശ്വസത്തിൽ തന്നെയാണ്.
കൈരളി ടി.എം.ടി 20 വർഷം മുമ്പ് ആരംഭിച്ചത് ഹുമയൂണിന്റെ ബാപ്പ ഗഫൂറാണ്. എന്നാൽ, കുടുംബം സ്റ്റീൽ ബിസിനസ് തുടങ്ങിയിട്ട് 100 വർഷത്തോളമായി. ബാപ്പയുടെ ഉപ്പുപ്പയാണ് അതുതുടങ്ങിയത്. പാരമ്പര്യത്തിന്റെ ഉറപ്പു കൂടി കൈരളി ടി.എം.ടിക്കുണ്ട് എന്നർത്ഥം.
മോഹൻലാലാണ് ബ്രാൻഡ് അംബാസഡർ. മോഹൻലാൽ അഭിനയിച്ച കൈരളി ടി.എം.ടിയുടെ പരസ്യചിത്രവും ഹിറ്റായിരുന്നു.
ബോളിവുഡ് സുന്ദരി ദിയാ
മിർസയുടെ ഇഷ്ട ഡിസൈനർ
ബോളിവുഡിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് ഹുമയൂണിന്റെ ഭാര്യ യാസ്മിൻ. തുണി വാങ്ങി കച്ചവടമല്ല, സ്വന്തമായി ഡിസൈൻ ചെയ്താണ് വിപണനം. സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രമാണ് ഡിസൈൻ ചെയ്യുക. 'വേൾഡ് ഒഫ് എച്ച്.വൈ' ക്ക് മുംബയിൽ രണ്ട് യൂണിറ്റുണ്ട്. കോഴിക്കോട് ഒന്നും. മുൻ മിസ് ഇന്ത്യയും ബോളിവുഡ് നായികയുമായ ദിയ മിർസ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾക്ക് ചാരുതയേകാൻ ഡിസൈൻ വസ്ത്രങ്ങൾ തേടിയെത്തുന്നത് ഇവിടെയാണ്. യാസ്മിൻ കുറെ മോഡലുകളുടെ ചിത്രങ്ങൾ ദിയയ്ക്ക് അയയ്ക്കും. അതിൽ നിന്ന് സെലക്ട് ചെയ്യുന്നത് തയ്യാറാക്കി നൽകും. കൊവിഡ് മുംബയ് നഗരത്തെയും ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. അതിനാൽ കുറച്ചു നാളത്തേക്ക് അങ്ങോട്ടു പോകാൻ കഴിയില്ലെന്ന് യാസ്മിൻ പറയുന്നു.
''ഓൺലൈൻ വഴി ഓർഡറുകൾ ഇപ്പോഴും എടുക്കുന്നുണ്ട്. ഓർഡർ കിട്ടിയശേഷമേ വർക്ക് തുടങ്ങൂ. അതിന് 25 ദിവസം വരെയെടുക്കും. ഇനി അടുത്ത കാലത്തൊന്നും മുംബയിലേക്ക് പോകാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ ഇവിടെ തന്നെ ബിസിനസ് കൂടുതൽ വിപുലമാക്കണം'' ലോക്ക് ഡൗണിന് ശേഷമുള്ള പ്ളാനിനെക്കുറിച്ച് യാസ്മിൻ പറയുന്നു.
എറണാകുളത്തുകാരിയാണ് യാസ്മിൻ. കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്വന്തം നിലയ്ക്ക് ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അണിഞ്ഞത്.
അതു കണ്ടപ്പോൾ കൂട്ടുകാരികൾക്ക് ആഗ്രഹം വെറൈറ്റി ഡിസൈൻ വേണമെന്ന്. അവർക്കു വേണ്ടി ഡിസൈൻ ചെയ്ത് ഒരു തയ്യൽക്കടയിൽ കൊടുത്ത് തുന്നിച്ചെടുത്തു. അതുക്ലിക്കായി. സ്വന്തമായി കണ്ടെത്തിയ രംഗത്തിൽ മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നപ്പോൾ സ്ഥാപനം ആരംഭിച്ചു, 10 വർഷം മുമ്പ്..