bus-service-

തിരുവനന്തപുരം: ലോക്ക് ഡൗൺ മേയ് മൂന്നിന് ശേഷം നീട്ടിയില്ലെങ്കിൽ കേരളത്തിന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് പൊതുഗതാഗത സംവിധാനത്തിൽ ഇളവ് വേണമെന്ന് സംസ്ഥാന സ‌ർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താനും മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സാഹചര്യം കേരളത്തിൽ നിലവിലുള്ളതുകൊണ്ടുമാണ് കെ.എസ്.ആർ.ടി.സി ബസുകളടക്കം ഓടിക്കുന്നതിൽ പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. 28ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുന്നുണ്ട്. ഈ യോഗത്തിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 'കേരളകൗമുദി ഓൺലൈനി'നോട് പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയാവും പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുക. കേന്ദ്ര അനുമതി ലഭിച്ചാൽ കർശന നിയന്ത്രണങ്ങൾ തുടരുന്ന റെഡ് സോണുകളും ഹോട്ട് സ്പോട്ട് പ്രദേശങ്ങളെയും ഒഴിവാക്കിയാവും ബസുകൾ ഓടിക്കുക.

നേരത്ത കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കാമെന്ന് ധാരണയായിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടം കൂടി പിന്നിടുന്നതോടെ കൊവിഡ് നിയന്ത്രണത്തിൽ കേരളത്തിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലുണ്ട്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൊതുഗതാഗതത്തിന് ഇളവ് ആവശ്യപ്പെട്ട് കൊണ്ടുള്ള നിർദ്ദേശം സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വിളിച്ച യോഗത്തിന്റെ അജണ്ട നാളെ മാത്രമെ കിട്ടുകയുള്ളൂ. ലോക്ക്ഡൗൺ കഴിയുന്ന മുറയ്ക്ക് ഗതാഗത സംവിധാനത്തിൽ വരുത്തുന്ന ഇളവുകളെ സംബന്ധിച്ചാകും യോഗമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. 28ലെ യോഗം കഴിയുന്നതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുളളവയുടെ സർവീസ് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തമെന്നാണ് സർക്കാർ കണക്കുകൂട്ടലെന്ന് മന്ത്രി പറഞ്ഞു.

മേയ് മൂന്നിനുശേഷവും ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രതിക്ഷിക്കുന്നില്ല. ഇതിനോടകം പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ചില വടക്കൻ ജില്ലകൾ പൂർണമായും റെഡ് സോണിലാണ്. അവിടങ്ങളിൽ കർശന നിയന്ത്രണം തുടരും. അതേസമയം, പത്ത് ജില്ലകൾ ഓറഞ്ച് സോണിലുള്ള സാഹചര്യത്തിൽ ആ ജില്ലകളിലെ ഹ്രസ്വദൂര സ‌ർവീസുകളും മറ്രും കർശന നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളോടെയാണെങ്കിലും സർവീസ് നടത്തുമ്പോൾ സ്വകാര്യ ബസുകൾക്കായാലും കെ.എസ്.ആർ.ടി.സിക്കായാലും ഡീസൽ അടിക്കേണ്ട പണമെങ്കിലും കിട്ടണമെന്നാണ് മന്ത്രി പറയുന്നത്. സാമൂഹിക അകലം പാലിക്കുമ്പോൾ സംസ്ഥാനത്തെ ബസുകളിൽ ഇരുപതിലധികം ആളുകളെ കയറ്റാൻ പറ്റില്ലെന്നും ഇവിടത്തെ ടിക്കറ്റ് നിരക്കിൽ അത്രയും ആളുകളെ വച്ച് ബസ് ഓടിക്കുന്നത് നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം ഒന്നുകൂടി നിതിൻ ഗഡ‌്കരിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ പ്രതിസന്ധിക്ക് കേന്ദ്രം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.