മസ്‌ക്കറ്റ്: ഒമാനിൽ കൊവിഡിന് ഒരു ശമനവുമില്ല. ഞായറാഴ്ച 93 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യം അതീവജാഗ്രതയിയലാണ്. രോഗബാധിതരുടെ എണ്ണം 1998 ആയി. രോഗ മുക്തരായവർ 333 ആയത് തെല്ല് ആശ്വാസം നൽകുന്നുണ്ടെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിയാത്ത അവസ്ഥയാണ്. മലയാളിയടക്കം പത്തുപേരാണ് മരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശികളാണ്.
പുതിയ രോഗികളിൽ 54 പേരാണ് മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം രോഗബാധിതർ 1449 ആയി. തെക്കൻ ബാത്തിനയിൽ 23 പേർക്കും വടക്കൻ ബാത്തിനയിൽ ആറുപേർക്കും തെക്കൻ ശർഖിയയിലും ദാഖിലിയയിലും മൂന്ന് പേർക്ക് വീതവും പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.