തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിഞ്ഞാലും കുറച്ചുകാലത്തേക്ക് കർശന നിയന്ത്രണങ്ങളോടെ ബസോടിക്കേണ്ടിവരുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് കണ്ട് സർവീസ് നിറുത്തിവയ്ക്കാൻ സ്വകാര്യബസുടമകൾ തയാറെടുക്കുന്നതിനിടെ ഈ സാഹചര്യം കെ.എസ്.ആർ.ടി.സി അനുകൂലമാക്കണമെന്ന ആവശ്യവുമായി സ്ഥാപനത്തിലെ ഒരു ഭരണപക്ഷ യൂണിയൻ ഗതാഗതമന്ത്രിക്ക് കത്ത് നൽകി. സ്വകാര്യബസുകൾ സർവീസ് നിറുത്തിവച്ചാൽ അവയുടെ പെർമിറ്റുകൾ തത്കാലം സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യം. കേരളത്തിലെ മുഴുവൻ സ്റ്റേജ് ഗാരേജ് പെർമിറ്റുകളും ദേശസാത്കരിച്ച് കെ.എസ്.ആർ.ടി.സിയുടെ അധീനതയിൽ ആക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു.
ലോക്ക് ഡൗൺ കഴിഞ്ഞാലും പൊതുഗതാഗതത്തിന് കർശനം നിയന്ത്രണം തുടരേണ്ടി വരും. എന്നാൽ, അത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് കണ്ട് കേരളത്തിലെ 12,600 സ്വകാര്യ ബസുകളിൽ 12,000 ബസുകളും നിയന്ത്രിത യാത്രക്കാരുമായി ഓടിക്കാനാവില്ലെന്ന് കാട്ടി സർക്കാരിന് സ്റ്റോപ്പ് മെമ്മോ നൽകിയെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് യൂണിയൻ ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. നിലവിലെ സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി തീരുന്നത് വരെ താത്കാലിക ലീസ് വ്യവസ്ഥ തയാറാക്കണമെന്നാണ് ആവശ്യം. തുടർന്ന് കാലാവധി തീരുന്ന മുറയ്ക്ക് ഈ പെർമിറ്റുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കണം.
ഇങ്ങനെ പെർമിറ്റുകൾ ഏറ്രെടുക്കുമ്പോൾ സ്വകാര്യ ബസുകളിലെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഏറ്റെടുക്കുന്ന കാര്യവും ആലോചിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യബസ് മേഖലയിൽ ജോലിചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികളെ സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് യൂണിയന്റെ പക്ഷം. കൊവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചുകൊണ്ട് ലാഭകരമായി സർവീസ് നടത്താൻ സാധിക്കില്ല എന്ന സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക ഒരുപരിധിവരെ ന്യായമാണ്. കെ.എസ്.ആർ.ടി.സി ഈ സർവീസുകൾ ഏറ്രെടുത്താൽ ഓരോ റൂട്ടിലും അധികമായുള്ള ബസുകൾ സമയക്രമം നിശ്ചയിച്ച് മറ്റ് റൂട്ടുകളിലേക്ക് പുനർവിന്യസിക്കാനാവുമെന്ന് യൂണിയൻ നൽകിയ കത്തിൽ പറയുന്നു.
അതേസമയം, ഇതൊക്കെ നടക്കുന്ന കാര്യമല്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ വാക്കുകളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ട്രേഡ് യൂണിയന്റെ ആവശ്യത്തെക്കുറിച്ച് ഗതാഗതമന്ത്രി പ്രതികരിച്ചതിങ്ങനെ:
"ട്രേഡ് യൂണിയന്റെ നിവേദനമൊക്ക ലഭിച്ചിട്ടുണ്ട്, വിഷയം ശരിയാണ്. എന്നാൽ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് തന്നെ ശമ്പളം കൊടുക്കണമെങ്കിൽ സർക്കാർ സഹായം വേണം. ഈ നിർദ്ദേശം നടപ്പാക്കിയാൽ ഏറ്റെടുക്കുന്ന ബസുകളിലെ ജീവനക്കാരുടെ ബാധ്യത കൂടി കെ.എസ്.ആർ.ടി.സിയുടെ ചുമലിൽ ആകും. ഒറ്റനോട്ടത്തിൽ ഈ നിർദ്ദേശം പ്രായോഗികമല്ല. കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യത വരുന്ന ഒരു നടപടിയും സർക്കാർ ഈ സമയത്ത് ആലോചിക്കില്ല.തിരുവനന്തപുരത്തെത്തിയ ശേഷം മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും''.