cm

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കിടയിൽ കൊവിഡ് വൈറസ് ബാധ കൂടിവരുന്ന സാഹചര്യത്തിൽ അതി‍ർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഊടുവഴകളിലും കാനനപാതകളിലും പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്. ജില്ലാകളക്ടർമാർ, എസ്. പിമാർ, ഡി.എം.ഒമാർ എന്നിവരുമായുള്ള സംയുക്ത വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാനത്ത് കൊവിഡ് രോഗം കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കാനും നിർദേശം നൽകി.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ അടക്കമുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശം നല്‍കി. ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്രം ഇളവ് അനുവദിച്ചതിനാൽ ഇന്ന് സംസ്ഥാനത്ത് ചെറിയ കടകളും ഫാൻസി ഷോപ്പുകളും തീവ്രബാധിതമേഖലകൾ അല്ലാത്തയിടത്ത് തുറന്നിരുന്നു. ഇതിനെത്തുടർന്നുളള സാഹചര്യങ്ങളും യോഗം വിലയിരുത്തി.

കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽസംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് പലർക്കും രോഗം സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കർക്കശമായ പരിശോധന നടത്താൻ മുഖ്യമന്ത്രി നി‍ർദേശിക്കുന്നത്. നിലവിൽ അതിർത്തിയിലെ വഴികളിൽ പലതിലും പൊലീസ് ഡ്രോണുപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമേ, ചെറുവഴികളിലേക്ക് കൂടി പരിശോധന ശക്തമാക്കും.


ട്രിപ്പിൾ ലോക്ക് ഉള്ള കണ്ണൂർ അടക്കമുള്ള ഇടങ്ങളിൽ ആർക്കും ഭക്ഷണം ഇല്ലാതിരിക്കരുത്. അതിനായി നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് പരിശോധന ശക്തമാക്കാനാണ് ഡിഎംഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ദിവസം മൂവായിരം പരിശോധനകളെങ്കിലും നടത്തണമെന്നാണ് സർക്കാർ തീരുമാനം. ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയും തമിഴ്നാടും കേന്ദ്രതീരുമാനം അംഗീകരിക്കാമെന്ന നിലപാടിലാണ്. കേരളം ഇന്നത്തെ അവലോകനയോഗത്തിലെ വിലയിരുത്തലുകൾ പരിശോധിച്ച ശേഷമാകും നാളത്തെ യോഗത്തിൽ വ്യക്തമായ നിലപാട് പറയുക.