കിളിമാനൂർ: കാലപ്പഴക്കവും രണ്ട് തവണയുണ്ടായ പ്രളയവും കാരണം തകർന്ന കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു.1965 ൽ നിർമ്മിച്ച ഇടുങ്ങിയ കെട്ടിടത്തിൽ ജീവനക്കാർ ഉൾപ്പെടെ ഞെങ്ങി ഞെരുങ്ങിയാണ് കഴിഞ്ഞിരുന്നത്. മഴക്കാലത്ത് ചോർന്നൊലിക്കുകയും ചെയ്തിരുന്നു. ഈ ദുരവസ്ഥ ബോദ്ധ്യപ്പെട്ട ബി. സത്യൻ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.36 കോടി രൂപ പുതിയ ഇരുനില കെട്ടിടത്തിനായി അനുവദിച്ചു. ഒരു വർഷം മുൻപ് ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ചു മാറ്റി നിർമ്മാണം
ആരംഭിച്ചെങ്കിലും മഴയും പിന്നാലെ എത്തിയ ലോക്ക് ഡൗണും കാരണം പണി മുടങ്ങിക്കിടക്കുകയായിരുന്നു. പഞ്ചായത്തിന്റെ മറ്റൊരു താല്ക്കാലിക കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്ത് കാര്യാലയം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണിൽ പ്രത്യേക അനുമതി വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ചത്. നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം.