നെടുമങ്ങാട് :കൊവിഡ് 19 പ്രതിരോധ പ്രവർത്തനകർക്കൊപ്പം സഞ്ചരിച്ച് വാർത്താശേഖരണം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി വിളകളും സമ്മാനിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 16,556 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും ഭക്ഷ്യധാന്യങ്ങളും 13,332 പേർക്ക് പൊതിച്ചോറും 12,220 പേർക്ക് മാസ്കും വിതരണം ചെയ്‌തതായി അദ്ദേഹം അറിയിച്ചു. ആർ.സി.സിയിലെ 250 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാദിവസവും ഉച്ചഭക്ഷണം നൽകി. പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. 150 പൊതുസ്ഥലങ്ങളിൽ ഹാൻ വാഷ് സ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2,450 പ്രവർത്തകർ സംഭാവന നൽകി. ജനറൽ സെക്രട്ടറിമാരായ നെടുമങ്ങാട് ഉദയകുമാർ, മുരളീകൃഷ്‌ണൻ എന്നിവരും ഏരിയ പ്രസിഡന്റുമാരും പഞ്ചായത്ത്, നഗരസഭ പ്രതിനിധികളും നേതൃത്വം നൽകി.