വർക്കല: ലോക്ക് ഡൗണിലും പാപനാശത്ത് കുടുങ്ങിപ്പോയ വിദേശ വിനോദ സഞ്ചാരികൾ ഹാപ്പിയിലാണ്. സ്വന്തം നാട്ടിൽ കിട്ടുന്ന കരുതലിനെക്കാളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ തങ്ങൾ സുരക്ഷിതരാണെന്ന് ഇവർ പറയുന്നു. നാട്ടിലാണെങ്കിൽ ചിലപ്പോൾ തങ്ങളെയും രോഗ ബാധിച്ചാനേ എന്ന് ഇവർ പറയുന്നു.

മാർച്ച് 13നാണ് ഇറ്റലി സ്വദേശിയായ റോബർട്ടോ ടൊണാസ എന്ന വിദേശിക്ക് വർക്കലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ പാപനാശം ടൂറിസം മേഖല അക്ഷരാർത്ഥത്തിൽ സ്തംഭിക്കുകയും വിദേശികളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. ഇതിനിടയിൽ ലോക്ക് ഡൗൺ കൂടി വന്നതോടെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്ര് എടുത്ത് കാത്തിരുന്നവർ നിരാശയിലുമായി.

പ്രാദേശിക ഭരണക്കൂടവും, പൊലീസും, വർക്കല ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷനും, ടൂറിസം വകുപ്പും, ആരോഗ്യ വകുപ്പും ഉൾപ്പെടെയുള്ളവരുടെ ഇടപ്പെടലുകൾ ഇവർക്ക് ആത്മവിശ്വാസം പകർന്നു.

റഷ്യക്കാരായ കേരളത്തിൽ തങ്ങുന്ന ( (വർക്കല- 120), (കോവളം- 60), (ആലപ്പുഴ, മാരാരിക്കുളം- 40)) 220പേരെ സ്വന്തം നാട്ടിൽ എത്തിക്കുന്നതിന് ചില നടപടികൾ സർക്കാർ തലത്തിൽ സ്വീകരിച്ചിരുന്നു. എന്നാൽ റഷ്യയിലെ ഏകാറ്റിൻ ബർഗിൽ നിന്നും എത്തേണ്ടിയിരുന്ന യൂറാൽ എയർലൈൻസിന്റെ വിമാനം റദ്ദാക്കിയതോടെ ഇവരുടെ തിരിച്ച് പോക്ക് മുടങ്ങി.

ലോക്ക് ഡൗൺ കാലം ശാന്തമായ അന്തരീക്ഷം കിട്ടി എന്നാണ് ഇവർ പറയുന്നത്. മഹാവ്യാധിക്കിടയിൽ ലോകത്ത് മരിച്ച് വീഴുന്നവരെ ഓർക്കുമ്പോൾ ഏറെ ദുഃഖം ഉണ്ടെന്നും ഇവർ പറയുന്നു.