ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാത വീതികൂട്ടൽ കേന്ദ്രം ഭൂമി വിട്ടു നൽകുന്നില്ലെന്ന് പരാതി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ പോസ്‌റ്റോഫീസ് ഭൂമി റോഡ് വികസനത്തിനായി അനുവദിക്കാത്തതാണ് പ്രശ്നമാകുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ പോസ്‌റ്റോഫീസിന്റെ മതിലിന് വെളിയിലൂടെ പണി നടക്കുകയാണിപ്പോൾ. കേന്ദ്രമന്ത്രി സഭയിൽ നിന്നാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകേണ്ടത്.
പുറമ്പോക്ക് ഭൂമിയും സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് നിർമ്മാണം ആരംഭിച്ചത്. മറ്റെല്ലാ വകുപ്പുകളുടെയും ഭൂമി വിട്ടുകിട്ടിയെങ്കിലും പൊസ്റ്റോഫീസിന്റെ ഭൂമി വികസനത്തിനായി വിട്ടുകിട്ടിയില്ല. പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ ഈ ആവശ്യം നഗരസഭയും എം.എൽ.എയും ഉന്നയിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്തു. എന്നാൽ ഇതുവരെ തീരുമാനമുണ്ടായില്ല. റോഡിന്റെ കിഴക്കുഭാഗത്തെ ഓട നിർമ്മാണമാണ് നടന്നുവരുന്നത്.
പോസ്റ്റോഫീസിന് മുന്നിൽ നിന്നുളള ഓട പൂവമ്പാറയിലേയ്ക്കും മിനിസിവിൽ സ്റ്റേഷന് മുന്നിലൂടെ പോകുന്ന ഓട നഗരസഭാകാര്യാലയത്തിന്റെ ഭാഗത്തേയ്ക്കും ഒഴുകുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. രാത്രിയും പകലും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്. മഴയ്ക്കുമുമ്പ് പണികൾ പൂർത്തിയാക്കാനാണ് തീരുമാനം.