ആറ്റിങ്ങൽ: ദേശീയപാത വികസനം മുരടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നടക്കുന്ന ഗൂഢനീക്കം വിലപ്പോകില്ലെന്ന് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് പത്രക്കുറിപ്പിൽ പറഞ്ഞു. പുറമ്പോക്ക് കൈയേറിയുള്ള നിർമ്മാണം ദേശീയപാത വികസനം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് ചെയർമാന്റെ പ്രതികരണം. പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ലോക്ക് ഡൗൺ സമയത്തും ഒരു വീഴ്ചയും കൂടാതെ നടക്കുന്നുണ്ട്. അതിനിടയിലാണ് കച്ചേരിനട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനം പുറമ്പോക്ക് കൈയേറി അനധികൃത നിർമ്മാണം നടത്തിയത്. അലൈമെന്റ് തയ്യാറാക്കി അളന്ന് തിട്ടപ്പെടുത്തി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ തുടക്കത്തിലെ ഇവിടെ കല്ലിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനിടയിലാണ് ഒരു വിഭാഗം തർക്കവുമായെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു പോകുന്ന സാഹചര്യം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാൻ സ്ഥലമേറ്റെടുത്ത് നൽകി പണികൾ പുനരാരംഭിക്കുകയായിരുന്നു. ആറ്റിങ്ങൽ ദേശീയപാത വികസന പദ്ധതി കാലങ്ങളായി മുടങ്ങിപ്പോകുന്നതിന് പിന്നിൽ ഒരു കൂട്ടം വികസന വിരോധികളുടെ സ്വകാര്യ താത്പര്യങ്ങളാണെന്നും അഡ്വ. ബി.സത്യൻ എം.എൽ.എയുടെയും നഗരസഭയുടെയും കൃത്യമായ ഇടപെടലുകൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നത് ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതായും ചെയർമാൻ പറഞ്ഞു.