general

ബാലരാമപുരം: വറ്റാത്ത നീരുറവയെന്ന് ഖ്യാതിയുള്ള നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷനിലെ കാട്ടുകുളം നവീകരണത്തിന് അനുമതിയായി. കോവളം കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പട്ടികജാതി കോളനി വികസനത്തിനും നീരുറവകളുടെ പുനരുദ്ധാരണത്തിനുമായി ജില്ലാ പട്ടികജാതി പട്ടിക വികസന ഫണ്ടിൽ നിന്നു 1.11 കോടി രൂപയാണ് അനുവദിച്ചത്. കാട്ടുകുളം സൈഡ് വാൾ, ഫുട്പാത്ത് നിർമ്മാണം,​ വിളവൂർക്കൽ വേലൻവിളാകം റോഡ് റീടാറിംഗ്,​ കല്ലിയൂർ ആറാട്ട് കടവ് തോട് സൈഡ് വാൾ,​ ആറാട്ട് കടവ് മതവറ റോഡ് സൈഡ് വാൾ,​ കേളേശ്വരം കനാൽ ബണ്ട് റോഡ് മെറ്റലിംഗ് - സൈഡ് വാൾ എന്നിവയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കും. 24 ലക്ഷം രൂപയാണ് നിലവിൽ കാട്ടുകുളത്തിന്റെ നവീകരണത്തിന് നേമം ബ്ലോക്ക് ഫണ്ട് വകമാറ്റിയിട്ടുള്ളത്. രണ്ട് വർഷം മുമ്പ് നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ കാട്ടുകുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം തുടർന്നുള്ള പ്രവർത്തനങ്ങൾ നിലച്ചു. ഈ വർഷമാദ്യം നേമം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസർക്ക് കാട്ടുകുളം നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോജക്ട് നൽകിയിരുന്നു. അഡ്വ. ഐ.ബി സതീഷ് എം.എൽ.എ,​ ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ,​​ ബ്ലോക്ക് ഭരണസമിതി എന്നിവരുടെ ഇടപെടലിനെ തുടർന്ന് കാട്ടുകുളം നവീകരണത്തോടൊപ്പം നാല് നീരുറവകളുടെ സംരക്ഷണത്തിനും ഫണ്ട് അനുവദിക്കുകയായിരുന്നു.

പാർക്ക് സ്ഥാപിക്കാനും പദ്ധതികാട്ടുകുളത്തിൽ സൈഡ് വാൾ കെട്ടി ഇന്റർലോക്ക് ചെയ്ത് ഹാൻഡ് റീൽ സ്ഥാപിച്ച് കുളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബ്ലോക്ക് മെമ്പറുടെ അഞ്ച് ലക്ഷം രൂപ വാർഷിക ഫണ്ടും കൂടി അനുവദിച്ച് കാട്ടുകുളത്തിന് സമീപം പാർക്ക് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക തണ്ണീർത്തടങ്ങൾ നിലനിറുത്തുകയെന്ന ഐ.ബി സതീഷ് എം.എൽ.എയുടെ ആശയം ഏറ്റെടുത്ത് നേമം ബ്ലോക്ക് മെമ്പറും നീരുറവ സംരക്ഷണത്തിന് സജീവമായി രംഗത്തുണ്ട്. ഇതിനായി പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ ചർച്ചകളും നീർത്തട സംരക്ഷണ പ്രോജക്ടുകളും നടപ്പാക്കി വരുകയാണ്. ഇതിലൂടെ കാർഷിക അഭിവൃദ്ധി കൈവരിക്കാനും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനും സാധിക്കും.